യു.എസിന്റെയും ഫ്രാൻസിന്റെയും കാർമികത്വത്തില്‍ ദിവസങ്ങള്‍ക്ക് മുമ്ബ് പ്രാബല്യത്തിലായ ലബനാൻ വെടിനിർത്തല്‍ തുടർച്ചയായി ലംഘിച്ച് ഇസ്രായേല്‍.കിഴക്കൻ ലബനാനിലെ ഹെർമല്‍ പ്രവിശ്യയിലെ ഹൗശുല്‍ സയ്യിദ് അലി പ്രദേശത്ത് സൈനിക ക്യാമ്ബിലെ ബുള്‍ഡോസറിനുമേല്‍ ഇസ്രായേല്‍ ബോംബിട്ടു. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്.
അതിർത്തിയില്‍നിന്ന് 12 കിലോമീറ്റർ അകലെ നബാത്തിയയില്‍ ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട്. തെക്കൻ ലബനാനിലെ മർജായൂനില്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഇതടക്കം ഒരാഴ്ചക്കിടെ 52 തവണ ഇസ്രായേല്‍ വെടിനിർത്തല്‍ കരാർ ലംഘിച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു. തെക്കൻ ലബനാനില്‍ യുദ്ധത്തിനിടെ പ്രവേശനം വിലക്കിയ ഭാഗങ്ങളില്‍ തിരിച്ചുപോക്ക് ഇപ്പോഴും ഇസ്രായേല്‍ മുടക്കുന്നതായും റിപ്പോർട്ടുണ്ട്.
ഇവിടങ്ങളില്‍ മടക്കം നിരോധിക്കപ്പെട്ടതാണെന്ന് പറഞ്ഞാണ് വീടുകള്‍ക്കുനേരെ വെടിവെപ്പ്. ഷിബാ, അല്‍ഹബ്ബാരിയ, മർജായൂൻ, അർനൂൻ, യൊഹ്മൂർ, ഖൻത്വറ, ചഖ്റ, അല്‍മൻസൂരി തുടങ്ങി 60ലേറെ പ്രദേശങ്ങളിലാണ് വിലക്ക്. അതിനിടെ, സ്ഥിതിഗതികള്‍ ചർച്ച ചെയ്യാൻ ഫ്രഞ്ച് പ്രതിരോധ മന്ത്രി സെബാസ്റ്റ്യൻ ലെകോർനു ബെയ്റൂത്തിലെത്തി.
ഗസ്സയിലും ഇസ്രായേല്‍ കുരുതി തുടരുകയാണ്. 24 മണിക്കൂറിനിടെ മാത്രം 37 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 108 പേർക്ക് പരിക്കേറ്റു. ജബാലിയ, ബെയ്ത് ലാഹിയ തുടങ്ങിയ മേഖലകളിലാണ് ഏറ്റവും രൂക്ഷമായ ആക്രമണം.
14 മാസത്തിനിടെ 44,466 ഫലസ്തീനികള്‍ ഇസ്രായേല്‍ വംശഹത്യക്കിരയായതായാണ് സ്ഥിരീകരിക്കപ്പെട്ട കണക്ക്. കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും കുട്ടികളും സ്ത്രീകളുമാണ്.