ലബനാനിലെ പേജര്‍ സ്ഫോടനത്തില്‍ ഇറാൻ അംബാസഡറുടെ കണ്ണ് നഷ്ടമായെന്ന് റിപ്പോര്‍ട്ട്

പേജർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ലബനാനിലെ ഇറാനിയൻ അംബാസഡർ മൊജ്തബ അമാനിയുടെ കണ്ണ് നഷ്ടമായതായി റിപ്പോർട്ട്.മറ്റൊരു കണ്ണിന് ഗുരുതര പരിക്കേറ്റതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ആദ്യം റിപ്പോർട്ട് ചെയ്തതിനേക്കാള്‍ പരിക്ക് ഗുരുതരമാണെന്ന് ഇറാന്റെ സൈനിക വിഭാഗമായ ഇസ്‍ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് വ്യക്തമാക്കി. അമാനിയെ വിദഗ്ധ ചികിത്സക്കായി തെഹ്റാനിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

സ്ഫോടനശേഷം ലബനാനിലെ തെരുവില്‍ അമാനി നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വസ്ത്രം രക്തത്തില്‍ പുരണ്ടിരുന്നു. സംഭവത്തില്‍ ഇതുവരെ 12 പേരാണ് കൊല്ലപ്പെട്ടത്. 4000ത്തോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇരുനൂറിലധികം പേരുടെ നില ഗുരുതരമാണ്.

പേജറുകള്‍ പൊട്ടിത്തെറിക്കും മുമ്ബ് ഏകദേശം 10 സെക്കൻഡ് ‘ബീപ്’ ശബ്ദം പുറപ്പെടുവിച്ചിരുന്നു. പുതിയ സന്ദേശം വന്നതാണെന്ന് കരുതി വായിക്കാനായി ആളുകള്‍ ഇത് കൈയിലെടുത്തു. ഇതിന് പിന്നാലെയാണ് പേജറുകള്‍ പൊട്ടിത്തെറിക്കുന്നത്. അതിനാല്‍ തന്നെ കൂടുതല്‍ പേർക്കും കൈയിനും മുഖത്തുമാണ് പരിക്ക്. ഇറാൻ അംബാസഡറുടെ പേജറും ഇത്തരത്തില്‍ ശബ്ദം പുറപ്പെടുവിച്ചിരുന്നുവെന്ന് ഇസ്‍ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് അംഗം ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.

ഇസ്രായേലിന്റെ നിരീക്ഷണത്തില്‍നിന്ന് രക്ഷപ്പെടാൻ വേണ്ടിയായിരുന്നു ഹിസ്ബുല്ല പേജറുകള്‍ ഉപയോഗിച്ചിരുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ നേരത്തേ തന്നെ തങ്ങളുടെ അംഗങ്ങള്‍ക്ക് ഹിസ്ബുല്ല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മൊബൈല്‍ ഫോണ്‍ ഇസ്രായേലി ചാരൻമാരേക്കാള്‍ അപകടകാരിയാണെന്ന് ഫെബ്രുവരി 13ന് ഹിസ്ബുല്ല തലവൻ ഹസ്സൻ നസ്റുല്ല നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഫോണ്‍ തകർക്കുകയോ കുഴിച്ചിടുകയോ ഇരുമ്ബ് പെട്ടിയില്‍ പൂട്ടിയിടുകയോ ചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചു.

ഇതിന് പകരമായിട്ടാണ് പേജറുകള്‍ ഉപയോഗിക്കാൻ തുടങ്ങിയത്. ഹിസ്ബുല്ല പോരാളികള്‍ക്ക് പുറമെ ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ ഉള്‍പ്പെടുന്ന ഡോക്ടർമാർ വരെ പേജറുകളാണ് ഉപയോഗിക്കുന്നത്. നിരവധി ഹിസ്ബുല്ല പോരാളികള്‍ക്കാണ് പൊട്ടിത്തെറിയില്‍ പരിക്കേറ്റത്. അധികപേരുടെയും മുഖത്താണ് പരിക്ക്. പലർക്കും വിരലുകള്‍ നഷ്ടപ്പെട്ടു. കൂടാതെ പേജറുകള്‍ സൂക്ഷിക്കാൻ സാധ്യതയുള്ള ഇടുപ്പിലും പരിക്കേറ്റതായാണ് വിവരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *