റീല്‍ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ നിന്നും താഴേക്ക് വീണ് ട്രാവല്‍ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

ഇൻസ്റ്റഗ്രാം റീല്‍ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ നിന്നും താഴേക്ക് വീണ് ട്രാവല്‍ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം.27 കാരി ആൻവി കാംദാറാണ് മരണപ്പെട്ടത്.

മുംബൈയിലെ പ്രശസ്തമായ കുംഭെ വെള്ളച്ചാട്ടത്തിലാണ് സംഭവം.
@theglocaljournal എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിനു കീഴില്‍ യുവതി തന്റെ യാത്രാനുഭവങ്ങളും വീഡിയോകളും പങ്കുവച്ചിരുന്നു. ചാർട്ടേഡ് അക്കൗണ്ടൻ്റായ കാംദാർ ഈ മാസം 16നാണ് പ്രശസ്തമായ കുംഭെ വെള്ളച്ചാട്ടം കാണുന്നതിനായി യാത്ര തിരിച്ചത്.

സുഹൃത്തുക്കളും ഇവരോടൊപ്പം ഉണ്ടായിരുന്നു. പ്രദേശത്തിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവതി വെള്ളച്ചാട്ടത്തിന് സമീപമുള്ള മലയിടുക്കിലേക്ക് വഴുതി വീഴുകയായിരുന്നുവെന്ന് മാങ്കോണ്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

300 അടിയിലധികം താഴ്ചയിലേക്കാണ് യുവതി വീണത്. കോസ്റ്റ്ഗാർഡ് ഉള്‍പ്പെടയുള്ള രക്ഷാപ്രവർത്തകർ ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും കനത്ത മഴ രക്ഷാദൗത്യം ദുഷ്കരമാക്കി.

ആറ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് യുവതിയെ അപകടസ്ഥലത്തുനിന്നും പുറത്തെത്തിക്കാനായത്. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ മനഗാവ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *