ഫിഫ ലോകകപ്പിനുള്ള 26 അംഗ സ്പാനിഷ് പടയെ പരിശീലകന്‍ ലൂയിസ് ഡെ ലാ ഫ്യുവന്റെ പ്രഖ്യാപിച്ചു.ഫുട്‌ബോള്‍ ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് പ്രമുഖ ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ ഒരൊറ്റ താരം പോലും ഇത്തവണ സ്പാനിഷ് നിരയില്‍ ഇടംപിടിച്ചിട്ടില്ല. സൂപ്പര്‍ താരം ലമിന്‍ യമാല്‍ ടീമിലുണ്ടെങ്കിലും, പ്രതിരോധ താരം ഡീന്‍ ഹൂയിസെന്‍, ഡാനി കര്‍വാഹല്‍ എന്നിവര്‍ക്ക് ടീമിലിടം നേടാനായില്ല.2022 ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും, 2024-ല്‍ യൂറോ കപ്പ് കിരീടം ചൂടിയ സ്‌പെയിന്‍ ഇത്തവണത്തെയും പ്രധാന കിരീടസാധ്യതയുള്ള ടീമുകളിലൊന്നാണ്. ഗ്രൂപ്പ് എച്ചില്‍ ജൂണ്‍ 15-ന് കേപ് വെര്‍ദെയ്‌ക്കെതിരെയാണ് സ്‌പെയിനിന്റെ ആദ്യ മത്സരം.
സൗദി അറേബ്യ, യുറഗ്വായ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് എതിരാളികള്‍.ടീമിലെ പ്രധാനികളായ ലമിന്‍ യമാല്‍, നിക്കോ വില്യംസ്, മിക്കേല്‍ മെറിനോ എന്നിവരുടെ ഫിറ്റ്‌നസിനെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നെങ്കിലും, അറ്റ്‌ലാന്റയില്‍ നടക്കുന്ന ആദ്യ മത്സരത്തിന് മുന്‍പ് മൂവരും പൂര്‍ണ്ണ സജ്ജരാകുമെന്ന് പരിശീലകന്‍ വ്യക്തമാക്കി. ഡാനി കര്‍വാഹലിനും ഹൂയിസെനും പുറമെ അത്ലറ്റിക്കോ മാഡ്രിഡിന്റെ റോബിന്‍ ലെ നോര്‍മന്‍ഡിനും ടീമില്‍ ഇടം ലഭിച്ചില്ല. കാല്‍വിരലിന് പരിക്കേറ്റ ബാഴ്‌സലോണയുടെ ഫെര്‍മിന്‍ ലോപ്പസും പുറത്താണ്.’ടീമിനെ തിരഞ്ഞെടുക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. എതിരാളികളുടെ കളിശൈലിയും എല്ലാ സാഹചര്യങ്ങളും മുന്‍കൂട്ടി കണ്ടാണ് ഈ 26 പേരെ തിരഞ്ഞെടുത്തത്.
അവര്‍ ഏത് ക്ലബ്ബിന് വേണ്ടി കളിക്കുന്നു എന്നത് ഞാന്‍ നോക്കാറില്ല,’ ലൂയിസ് ഡെ ലാ ഫ്യുവന്റെ വ്യക്തമാക്കി. പ്രധാന ടീമിനൊപ്പം പരിശീലനത്തിനായി റയല്‍ മാഡ്രിഡിന്റെ ഗോണ്‍സാലോ ഗാര്‍ഷ്യ, ബാഴ്‌സലോണയുടെ മാര്‍ക്ക് ബെര്‍ണാല്‍ എന്നിവരുള്‍പ്പെടെ ഒമ്പത് ‘സപ്പോര്‍ട്ട് കളിക്കാരെയും’ പരിശീലകന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.ലോകകപ്പിന് മുന്നോടിയായി ജൂണ്‍ 4-ന് സ്‌പെയിനില്‍ വെച്ച് ഇറാഖുമായും, ജൂണ്‍ 8-ന് മെക്‌സിക്കോയില്‍ വെച്ച് പെറുവുമായും സ്‌പെയിന്‍ സന്നാഹ മത്സരങ്ങള്‍ കളിക്കും. മുന്‍ ക്യാപ്റ്റന്‍ അല്‍വാരോ മൊറാട്ട, ഡാനി കര്‍വാഹല്‍ എന്നിവര്‍ ടീമിന് നല്‍കിയ നേതൃത്വപാടവത്തെ പ്രശംസിച്ച പരിശീലകന്‍, അവര്‍ക്ക് പിന്നാലെ വരുന്ന പുതിയ തലമുറയും അതിന് പ്രാപ്തരാണെന്ന് കൂട്ടിച്ചേര്‍ത്തു.