രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കും; കെ.മുരളീധരൻ

ലോക്‌സഭയില്‍ അയോഗ്യനാക്കപ്പെട്ടശേഷം ആദ്യമായി വയനാട്ടിലെത്തുന്ന രാഹുല്‍ഗാന്ധിയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇന്ന് ഒരു വിവാദത്തിനില്ല. പ്രാദേശികമായ തർക്കത്തിൻ്റെ പേരിൽ മാറി നിൽക്കുന്നത് ശരിയല്ല.

രാഹുൽ ഗാന്ധിയുടെ വരവ് ഞാൻ കാരണം വിവാദത്തിലാകാൻ പാടില്ല. പാർട്ടിയുടെ ഭാഗത്ത് നിന്ന് ഒരു ഉറപ്പും ലഭിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ തനിക്ക് ഒരാളുടെയും ഉറപ്പ് ആവശ്യമില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്ന് ഉച്ചകഴിഞ്ഞ് കൽപറ്റയിൽ രാഹുല്‍ഗാന്ധി പ​​​​ങ്കെടുക്കുന്ന പരിപാടിയില്‍നിന്ന് കെ. മുരളീധരന്‍ വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ട്ടിയുടെ ആഭ്യന്തരകാര്യങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് അഭിപ്രായം പറയില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇന്ന് വയനാട്ടിലെത്തുന്ന രാഹുല്‍ഗാന്ധിക്കൊപ്പം സഹോദരിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധിയുമുണ്ടാകും. കല്പറ്റയില്‍ നടക്കുന്ന റോഡ് ഷോയിലും സമ്മേളനത്തിലും ഇരുവരും പങ്കെടുക്കും. റോഡ്ഷോയില്‍ പാര്‍ട്ടി കൊടികള്‍ക്കുപകരം ദേശീയപതാകയായിരിക്കും ഉപയോഗിക്കുക.

റോഡ്ഷോയ്ക്കുശേഷം നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌കാരിക ജനാധിപത്യ പ്രതിരോധസദസ്സുമുണ്ട്. ഇതില്‍ കേരളത്തിലെ പ്രമുഖ സാംസ്‌കാരികപ്രവര്‍ത്തകര്‍ പങ്കെടുക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *