
ബിജെപി തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റ് വി വി രാജേഷിനെതിരെ പോസ്റ്ററുകൾ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ സാമ്പത്തിക തിരിമറി നടത്തിയ വി വി രാജേഷിനെ പുറത്താക്കാൻ ആവശ്യപ്പെട്ടാണ് പോസ്റ്റർ. തിരുവനന്തപുരത്ത് രാജിവ് ചന്ദ്രശേഖരന്റെ തോൽവിക്ക് ഉത്തരവാദി വി വി രാജേഷ് ആണെന്ന് പോസ്റ്ററിൽ ആരോപിക്കുന്നു. പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസിനു മുന്നിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നും രാജേഷ് പണം പറ്റിയെന്ന് പോസ്റ്ററിൽ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.
വി വി രാജേഷിന്റെ അനധികൃത സ്വത്ത് സമ്പാദനം പാർട്ടി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 15 വർഷത്തിനുള്ളിലെ സാമ്പത്തിക വളർച്ച പാർട്ടി അന്വേഷിക്കണം. ബിജെപി പ്രതികരണ വേദി എന്ന പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.ഇഡി റബ്ബർ സ്റ്റാമ്പ് അല്ലെങ്കിൽ വിവി രാജേഷ് അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ട് കെട്ടണമെന്നും പോസ്റ്ററിൽ പറയുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമാണ് പോസ്റ്റുകൾ പതിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലും, പഴയ സംസ്ഥാന കമ്മിറ്റി ഓഫീസിലും വിവി രാജേഷിന്റെ വഞ്ചിയൂരിലുള്ള വസതിക്ക് മുന്നിലും പോസ്റ്റർ പതിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്.

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റ് ദിവസങ്ങൾക്ക് ശേഷമാണ് തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റിനെതിരെ ഗുരുതര ആരോപണവുമായി പോസ്റ്ററുകൾ പതിച്ചത്. സംഭവത്തിൽ ബിജെപി നേതാക്കൾ പ്രതികരിക്കാൻ തയാറായിട്ടില്ല. വിവി രാജേഷിനെതിരെ പാർട്ടിക്കകത്ത് വിമർശനം ഉയർന്നിരുന്നെങ്കിലും ആദ്യമായാണ് പരസ്യമായി പ്രതികരണങ്ങൾ പോസ്റ്റർ രൂപത്തിൽ എത്തിയിരിക്കുന്നത്.
