അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വസന്ത്കുഞ്ചിലെ വസതിയിൽ എത്തിക്കും. വൈകീട്ട് ആറ് മണിയോടെയായിരിക്കും എയിംസിൽ നിന്ന് ഭൗതീക ശരീരം വസതിയിൽ എത്തിക്കുക. ബന്ധുകളും അടുത്ത സുഹൃത്തുക്കളും വസതിയിലെത്തി അന്തിമോപചാരം അർപ്പിക്കും. നാളെയാണ് ഡൽഹി എകെജി ഭവനിലെ പൊതുദർശനം. രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെയാണ് പൊതുദർശനം നിശ്ചയിച്ചിരിക്കുന്നത്. ഇതിന് ശേഷം മൃതദേഹം ഡൽഹി എയിംസ് ആശുപത്രിയുടെ അനാട്ടമി വിഭാഗത്തിന് കൈമാറും.
ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു യെച്ചൂരി. 72 വയസ്സായിരുന്നു.
2015 ഏപ്രിൽ മാസത്തിൽ സിപിഐഎമ്മിൻ്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി നിയോഗിതനായ യെച്ചൂരി ഏറ്റവും ഒടുവിൽ 2022 ഏപ്രിലിൽ കണ്ണൂരിൽ വെച്ച നടന്ന സിപിഐഎമ്മിൻ്റെ 23-ാം പാർട്ടി കോൺഗ്രസിൽ മൂന്നാംവട്ടവും ജനറൽ സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ടിരുന്നു. സിപിഐഎമ്മിൻ്റെ 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളന കാലയളവിലാണ് സീതാറാം യെച്ചൂരി വിടവാങ്ങിയിരിക്കുന്നത്. സാമ്പത്തിക ശാസ്ത്രം, ചരിത്രം, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം എന്നിവയിൽ വലിയ അവഗാഹമുള്ള നേതാവായാണ് സീതാറം യെച്ചൂരി പരിഗണിക്കപ്പെടുന്നത്.