യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ആഴ്‌സനല്‍, പിഎസ്ജി സൂപ്പര്‍ പോരാട്ടം നാളെ. ലീഗുകളിലെ കിരീടനേട്ടം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഇരു ടീമുകളും.അത്യുജ്വല സീസണാണ് ആഴ്‌സനലിനിത്. പ്രീമിയര്‍ ലീഗ് കിരീടമടക്കം നേടി മിന്നും ഫോമിലുള്ള ഗണ്ണേഴ്‌സ് വീണ്ടുമൊരു കിരീടം പ്രതീക്ഷിച്ചാണ് പിഎസ്ജിക്കെതിരെ ഇറങ്ങുന്നത്. ജയിക്കാനായാല്‍ ആഴ്‌സനലിന്റെ ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടമാകുമിത്.
ചാംപ്യന്‍സ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരാണ് പിഎസ്ജി. അതിവേഗ ആക്രമണവും കൃത്യമായ പാസുകളുമായി കളിക്കളത്തില്‍ പിഎസ്ജിയുടെ ശക്തി.ലീഗില്‍ ആഴ്‌സനല്‍ 11 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ പിഎസ്ജിക്ക് ജയിച്ചത് പത്തെണ്ണം. 9 ക്ലീന്‍ ഷീറ്റുകളുണ്ട് ആഴ്‌സനലിന്, കൂടുതല്‍ ഗോളുകള്‍ വഴങ്ങിയത് പിഎസ്ജിയാണ്. പരിക്കുകളാണ് പിഎസ്ജി നേരിടുന്ന പ്രധാന വെല്ലുവിളി. സെമിയില്‍ കരുത്തരായ ബയണ്‍ മ്യൂണിക്കിനെ മറികടന്നാണ് പിഎസ്ജി എത്തുന്നത്. അത്ലറ്റിക്കോ മഡ്രിഡിനെ തോല്‍പ്പിച്ചാണ് ആര്‍സനല്‍ ഫൈനലില്‍ കടന്നത്.
20 വര്‍ഷത്തിന് ശേഷമാണ് ആര്‍സനല്‍ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ കടക്കുന്നത്. ഈ സീസണില്‍ കളിച്ച 14 മത്സരങ്ങളിലും തോല്‍വിയറിയാതെയാണ് ആര്‍സനലിന്റെ ഫൈനല്‍ പ്രവേശം.ആഴ്‌സനലിന്റെ ആത്മവിശ്വാസമാണോ, പിഎസിജിയുടെ കംപ്ലീറ്റ് ഗെയിമാണോ കിരീടത്തില്‍ മുത്തമിടുകയെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.