
യുഡിഎഫിന്റെ ഐക്യമാണ് നിലമ്പൂരിലെ തകർപ്പൻ ജയത്തിൽ കാണാൻ കഴിഞ്ഞതെന്ന് പി കെ കുഞ്ഞാലിക്കുട്ടി. അതിനാണ് മുസ്ലീം ലീഗ് പ്രാധാന്യം കൊടുക്കുന്നത്. ലീഗും യുഡിഎഫിനൊപ്പം നിലമ്പൂരിൽ വളരെ ഭംഗിയായി പ്രവർത്തിച്ചിരുന്നു. ലീഗിന് അങ്ങിനെ പ്രവർത്തിക്കാൻ സാധിക്കൂ. ലീഗിന്റെ സംഘടനാശക്തി അങ്ങിനെയാണ്. ലീഗിന്റെ ശക്തി ക്ഷയിപ്പിക്കാൻ ആർക്കും കഴിയില്ല.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം കൊടുക്കുന്ന പാർട്ടി വളരെ ശക്തമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.രാഷ്ട്രീയമായി മുസ്ലീം ലീഗിനെ ക്ഷയിപ്പിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. മത സാമൂഹിക സാംസ്കാരിക സംഘടനകൾക്ക് എല്ലാ പിന്തുണയും കൊടുക്കും. അവരോട് സൗഹൃദത്തിലും പരസ്പര ബഹുമാനത്തിലുമാണ് ഇപ്പോഴും കഴിയുന്നത്.

പക്ഷെ ലീഗിന്റെ രാഷ്ട്രീയം എന്ന് പറയുന്നത് വേറെ തന്നെയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും കുഞ്ഞാലികുട്ടി വ്യക്തമാക്കി.ഒരു തിരഞ്ഞെടുപ്പ് വരുമ്പോൾ ആകാശത്തിന് താഴെയുള്ള എല്ലാ കാര്യങ്ങളും വരും. പക്ഷെ ജനങ്ങൾ അതിനെയെല്ലാം വിലയിരുത്തും.
കുറെ ആളുകൾ വന്ന് വർഗീയതയും ജാതിയും എല്ലാം പറയും എന്നാൽ ഇതൊന്നും ജനങ്ങളെ ബാധിക്കില്ലെന്ന് തെളിയിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്. പി വി അൻവർ കൂടെ നിൽക്കണോ വേണ്ടയോ എന്ന കാര്യങ്ങളെല്ലാം യുഡിഎഫ് തീരുമാനിക്കേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
