അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തിൽ കൊമ്പുകോർത്ത് സ്ഥാനാർഥികളായ ഡോണൾഡ് ട്രംപും കമല ഹാരിസും. വിവാദ വിഷയങ്ങളില്‍ പരസ്പരം കടന്നാക്രമിച്ച് കൊണ്ടാണ് ഫിലാഡല്‍ഫിയയില്‍ നടന്ന ഇത്തവണത്തെ ആദ്യ സംവാദത്തില്‍ ഇരു സ്ഥാനാര്‍ഥികളും പങ്കെടുത്തത്.ട്രംപ് വരുത്തിയ വിനകൾ നീക്കുകയാണ് പ്രസിഡനറ് ജോ ബൈഡനെന്ന് കമല ഹാരിസ് സംവാദത്തിൽ പറഞ്ഞു.
ബൈഡന്റെ ഭരണത്തിൽ അമേരിക്കൻ മധ്യവർഗം തിരിച്ചടി നേരിടുന്നെന്നായിരുന്നു ട്രംപിന്റെ മറുപടി. അമേരിക്കന്‍ സാമ്പത്തിക രംഗത്തെ കുറിച്ചുള്ള വാഗ്വാദം, കുടിയേറ്റം, ക്യാപ്പിറ്റൽ ആക്രമണം, ഗർഭഛിദ്ര നിയമം തുടങ്ങിയ വിഷയങ്ങളിൽ ഇരുവരും ഏറ്റുമുട്ടി.കമല ഹാരിസിനെ ഒരു ഘട്ടത്തില്‍ മാര്‍ക്‌സിസ്റ്റ് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ബൈഡന്‍ ഭരണകൂടം ഭ്രാന്തന്‍ നയങ്ങള്‍ കൊണ്ട് രാജ്യത്തെ നശിപ്പിച്ചു എന്നും ഡോണള്‍ഡ് ട്രംപ് ആരോപിച്ചു. ട്രംപിനോടുള്ള അമേരിക്കന്‍ ജനതയുടെ മടുപ്പിന്റെ സൂചനയാണ് റാലികളില്‍ കാണുന്ന ജനങ്ങളുടെ കുറവെന്നായിരുന്നു കമലയുടെ പ്രതിരോധം. ലോക നേതാക്കള്‍ ട്രംപിനെ നോക്കി ചിരിക്കുകയാണ് എന്നും കമല ഹാരിസ് തുറന്നടിച്ചു.
അമേരിക്കന്‍ സാമ്പത്തിക രംഗത്തെ കുറിച്ചുള്ള ചർച്ചയിൽ വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുക എന്ന ട്രംപിന്റെ നയങ്ങളെയും കമല ഹാരിസ് വിമര്‍ശിച്ചു. ഏറ്റവും മോശമായ തൊഴിലില്ലായ്മയാണ് ട്രംപ് ഭരണകാലം സമ്മാനിച്ചത്, ഞങ്ങള്‍ അധികാരത്തിലെത്തി ആദ്യം ചെയ്തത് ഈ സാഹചര്യം ഇല്ലാതാക്കുക എന്നതായിരുന്നു. എന്നാല്‍, രാജ്യത്തെ പണപ്പെരുപ്പ് നിരക്ക് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പ്രതിരോധം.
ബൈഡന്‍ ഭരണകാലം ഇടത്തരകക്കാരുടെ ജീവിതം ദുരിതപൂര്‍ണമാക്കിയെന്നും അദ്ദേഹം ആരോപിച്ചു.കുടിയേറ്റ വിഷയത്തിലേ ചര്‍ച്ചയിൽ മെക്‌സികന്‍ കുടിയേറ്റത്തെ ഭ്രാന്തന്‍മാരുടെ കുടിയേറ്റം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഗർഭഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം അസാധുവാക്കാനുള്ള സുപ്രീംകോടതി വിധിയിലായിരുന്നു പിന്നീടുള്ള ചര്‍ച്ചകള്‍ എത്തിനിന്നത്. ഗർഭഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം സംസ്ഥാനങ്ങളുടെ അധികര പരിധിയില്‍ നിലനില്‍ക്കണം എന്ന നിലപാടാണ് ട്രംപ് മുന്നോട്ട് വച്ചത്.ക്യാപ്പിറ്റൽ ആക്രമണം സംബന്ധിച്ചും ചൂടേറിയ സംവാദമാണ് ഇരുവരും തമ്മിൽ നടക്കുന്നത്.
തനിക്ക് ഖേദമില്ലെന്നും സമാധാനപരമായ പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തതെന്നും ട്രംപ് പറഞ്ഞു. അമേരിക്ക അപമാനിക്കപ്പെട്ട സംഭവമെന്ന് ആക്രമണത്തെ കമല വിശേഷിപ്പിച്ചു. കമല ജയിച്ചാൽ രണ്ടു വർഷത്തിനകം ഇസ്രയേൽ ഇല്ലാതാകുമെന്ന് ട്രംപ് പറഞ്ഞു. സംവാദം തുടങ്ങും മുൻപ് കമല ഹാരിസും ട്രംപും പരസ്പരം ഹസ്ദാനം നടത്തി. രണ്ടു മാസം മുൻപ് തങ്ങളുടെ പ്രസിഡൻഷ്യൽ സംവാദത്തിനായി കണ്ടുമുട്ടിയപ്പോൾ ട്രംപും പ്രസിഡന്റ് ജോ ബൈഡനും ഹസ്തദാനം നടത്തിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.