തെലുങ്കിൽ യങ് ടൈഗർ എന്ന് ആരാധകർ വിളിക്കുന്ന നടനാണ് ജൂനിയർ എൻടിആർ. നടന്റെ അവസാനമായി പുറത്തിറങ്ങിയ ദേവര ഉൾപ്പെടെയുള്ള സിനിമകൾ ബോക്സ് ഓഫീസിൽ വലിയ ഹിറ്റായിരുന്നു. എന്നാൽ അടുത്തിടെ മുതൽ താരത്തിന്റെ ആരോഗ്യത്തിനെ സംബന്ധിച്ചുള്ള ചില ആശങ്കകൾ ആരാധകർ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ജൂനിയർ എൻടിആർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വിഡിയോയിൽ താരത്തിന്റെ ലുക്ക് കണ്ടു അമ്പരന്നിരിക്കുകയാണ് തെലുങ്ക് സിനിമാലോകം.
വളരെ മെലിഞ്ഞ് ക്ഷീണിതനായാണ് നടനെ വീഡിയോയിൽ കാണുന്നത്. നടന് എന്തെങ്കിലും അസുഖം പിടിപെട്ടോയെന്നും ഇത്രയും മെലിയാൻ എന്താണ് കാരണം എന്നാണ് ആരാധകർ ചോദിക്കുന്നത്. ‘വാർ 2’ സിനിമയുടെ സെറ്റിൽ വച്ച് താരത്തിന്റെ വാരിയെല്ലിന് പൊട്ടലേറ്റിരുന്നു. ഇതേ തുടർന്ന് മാസങ്ങളോളം വിശ്രമം ഡോക്ടർമാർ നിർദേശിച്ചിരുന്നു. ‘കാന്താര: ചാപ്റ്റർ 1’ സിനിമയുടെ പ്രൊമോഷനു വന്നപ്പോഴും ശരീരത്തിലെ പരിക്കിന്റെ കാര്യം അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. വളരെയധികം വേദന സഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ മുഖത്തിൽ നിന്നു തന്നെ വ്യക്തമായിരുന്നു. ഇനി ഇത് മൂലം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായോ എന്നും ആരാധകർ സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നുണ്ട്.













