മെക്സിക്കോക്കും കാനഡക്കും മേല്‍ അധിക നികുതി ചുമത്തുമെന്ന് അറിയിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.മെക്സികോയില്‍ നിന്ന് വരുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. കാനഡയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്കും ഇതേ നികുതിയാവും ചുമത്തുക.
ചൈനയില്‍ നിന്നുള്ള വസ്തുക്കള്‍ക്ക് 10 ശതമാനം അധിക നികുതിയാവും ട്രംപ് ചുമത്തുക. അനധികൃതമായി അതിർത്തികടന്ന് ആളുകള്‍ എത്തുന്നതും മയക്കുമരുന്ന് കടത്തും കർശനമായി തടയുമെന്നും ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.
തിങ്കളാഴ്ചയാണ് മെക്സിക്കോയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് അധിക നികുതി ഏർപ്പെടുത്തുമെന്നും അനധികൃതമായി ആളുകള്‍ എത്തുന്നത് തടയുമെന്നും ട്രംപ് അറിയിച്ചത്. ഇതുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ വളരെ എളുപ്പത്തില്‍ പരിഹരിക്കാൻ കാനഡക്കും മെക്സിക്കോക്കും അവകാശമുണ്ടെന്നും ഡോണള്‍ഡ് ട്രംപ് കൂട്ടിച്ചേർത്തു. സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത്സോഷ്യലിലൂടെയായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചൈനക്ക് മേല്‍ 60 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപ് അറിയിച്ചിരുന്നത്. മെക്സിക്കോയില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് 1000 ശതമാനം നികുതി ചുമത്തുമെന്നും ട്രംപ് അറിയിച്ചിരുന്നു. ട്രംപിന്റെ പ്രതികരണത്തിന്റെ അനുരണനങ്ങള്‍ ഉടൻ തന്നെ അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായി.
കനേഡിയൻ ഡോളർ, മെക്സിക്കൻ പെസോ, യുറോ, ബ്രിട്ടീഷ് പൗണ്ട്, കൊറിയൻ വണ്‍, ആസ്ട്രേലിയൻ ഡോളർ എന്നിവയെല്ലാം യു.എസ് ഡോളറിനെതിരെ ഇടിഞ്ഞു. അധിക നികുതി ഏർപ്പെടുത്തിയതിന് പിന്നാലെ പ്രതികരിച്ച് വാഷിങ്ടണിലെ ചൈനീസ് എംബസി രംഗത്തെത്തി. വ്യാപാര യുദ്ധത്തില്‍ ഒരു രാജ്യവും ജയിക്കില്ലെന്നായിരുന്നു ചൈനീസ് എംബസിയുടെ പ്രതികരണം.