മുരിങ്ങൂരില്‍ കിലോമീറ്ററോളം വാഹനങ്ങളുടെ നിര, ടോള്‍ വിഷയം ഇന്ന് ഹൈക്കോടതിയില്‍

മുരിങ്ങൂരില്‍ കനത്ത ഗതാഗത കുരുക്കിനെ തുടര്‍ന്ന് കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിര. വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടിട്ടും നിരനിരയായി ഇരു ദിശകളിലേക്കും പല സമയങ്ങളിലും വാഹനങ്ങള്‍ കുരുക്കില്‍ പെട്ടു കിടക്കുന്നതു തുടരുകയാണ്. വാഹനങ്ങളുടെ നിര ഒരു കിലോമീറ്ററിലേറെ നീണ്ടു. പാലിയേക്കരയില്‍ ടോള്‍ നിര്‍ത്തിയിട്ട് രണ്ട് മാസം ആയിട്ടും കനത്ത ഗതാഗതക്കുരുക്ക് തുടരുകയാണ്.


എറണാകുളം ഭാഗത്തു നിന്നു തൃശൂര്‍ ഭാഗത്തേക്കു കറുകുറ്റി കടന്നെത്തുന്ന വാഹനങ്ങള്‍ പൊങ്ങത്ത് നിന്ന് ഇടത്തോട്ടു മംഗലശേരി വഴി തിരിച്ചുവിട്ടു. തൃശൂരില്‍ നിന്ന് എറണാകുളത്തേക്കു പോകാനായി മുരിങ്ങൂര്‍ വരെയെത്തുന്നവ ഡിവൈന്‍ നഗര്‍ മേല്‍പാത കഴിഞ്ഞാല്‍ ഇടത്തോട്ട് തിരിച്ചു മേലൂര്‍ വഴിയാണ് തിരിച്ചുവിട്ടത്. എന്നിട്ടും കുരുക്കിന് പരിഹാരമാകുന്നില്ല.


ടോള്‍ പിരിവ് സംബന്ധിച്ച കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. മണ്ണുത്തി ഇടപ്പള്ളി ദേശീയപാത 544ലെ പാലിയേക്കര ടോള്‍ പിരിവ് ഹൈക്കോടതി സ്റ്റേ ചെയ്തത് ഓഗസ്റ്റ് ആറിനാണ്. മേഖലയിലെ അടിപ്പാതകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് അനുഭവപ്പെടുന്ന കനത്ത ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ദേശീയപാത അതോറിറ്റി (എന്‍എച്ച്എഐ) പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് ടോള്‍ പിരിവ് തടഞ്ഞത്. ആദ്യം നാലാഴ്ചത്തേക്കാണ് ടോള്‍ പിരിവ് സ്റ്റേ ചെയ്തതെങ്കിലും പിന്നീട് പല ഘട്ടങ്ങളിലായി നീട്ടുകയായിരുന്നു.

സെപ്റ്റംബറില്‍ ടോള്‍ പിരിവിനുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എച്ച്എഐ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്റ്റേ തുടരുമെന്ന് കോടതി വ്യക്തമാക്കി. അടിപ്പാത നിര്‍മാണം നടക്കുന്ന ഭാഗങ്ങളില്‍ ഗതാഗതക്കുരുക്കും സുരക്ഷാ ഭീഷണിയും നിലവിലുണ്ടെന്നു മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച് ഹൈക്കോടതി വീണ്ടും ടോള്‍ വിലക്ക് നീട്ടുകയായിരുന്നു. ടോള്‍ നിര്‍ത്തലാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ എന്‍എച്ച്എഐ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും ടോള്‍ തടഞ്ഞത് സുപ്രീംകോടതിയും ശരിവച്ചിരുന്നു.


Sharing is Caring