മുപ്പത്തിമൂന്നാം ഒളിമ്ബിക്സിന് നാളെ പാരീസില്‍ തുടക്കം

മുപ്പത്തിമൂന്നാം ഒളിമ്ബിക്സിന് നാളെ പാരീസില്‍ ഔദ്യോഗിക തുടക്കമാവും. ഒരു നൂറ്റാണ്ടിന്റെ ഇടവേളയ്‌ക്ക് ശേഷമാണ് പാരീസ് ഒളിമ്ബിക്സിന് വേദിയൊരുക്കുന്നത്.ഇതോടെ ലണ്ടന് ശേഷം മൂന്ന് ഒളിമ്ബിക്സുകള്‍ക്ക് വേദിയാകുന്ന ആദ്യ നഗരം എന്ന ഖ്യാതിയും ഫ്രഞ്ച് തലസ്ഥാന നഗരത്തിന് സ്വന്തമാകും.

1900,1924 ഒളിമ്ബിക്സുകളാണ് ഇതിന്മുമ്ബ് ഇവിടെ നടന്നിട്ടുള്ളത്.ചരിത്രത്തിലാദ്യമായി പ്രധാനവേദിക്ക് പുറത്താണ് ഇത്തവണ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. 206 ഒളിമ്ബിക് കമ്മിറ്റികള്‍ക്ക് കീഴിലായി 10,500 അത്ലറ്റുകളാണ് മത്സരിക്കാനിറങ്ങുന്നത്.

പാരീസിലിറങ്ങിയ താരങ്ങള്‍ക്കെല്ലാം ഓളംതട്ടിയൊഴുകുന്ന സെയ്ൻ നദിയിലും തീരത്തുമായാണ് നാളെ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക.

ആറുകിലോമീറ്റർ ദൂരം സെൻ നദിയിലൂടെ 85 ബോട്ടുകളിലും ബാർജുകളിലുമായി കായിക താരങ്ങളെ മാർച്ച്‌ പാസ്റ്റ് ചെയ്യിച്ച്‌ നദിക്കരയിലെ താത്കാലിക വേദിയില്‍ എത്തിക്കാനും, അവിടെവച്ച്‌ ദീപം തെളിക്കല്‍ ഉള്‍പ്പടെയുള്ള ഉദ്ഘാടനപരിപാടികള്‍ നടത്താനുമാണ് സംഘാടകരുടെ പദ്ധതി.

വെറ്ററൻ ടേബിള്‍ ടെന്നീസ് താരം അചാന്ത ശരത് കമലും രണ്ട് ഒളിമ്ബിക് മെഡലുകള്‍ നേടിയിട്ടുള്ള പി.വി സിന്ധുവുമാണ് മാർച്ച്‌ പാസ്റ്റില്‍ ഇന്ത്യൻ പതാകയേന്തുന്നത്.വിവിധ രാഷ്ട് തലവൻമാരും സുപ്രധാ വ്യക്തികളും പരേഡിനെ അഭിവാദ്യം ചെയ്യും.

ഓസ്റ്റർലിറ്റസ് പാലത്തിന് സമീപത്ത് നിന്ന് പ്രാദേശികസമയം വൈകിട്ട് 7.30ന് നൂറിലധികം ബോട്ടുകളിലായി പാസ്റ്റ് ആരംഭിക്കും. നൃത്തവും ദൃശ്യാവിഷ്കാരങ്ങളുമായി മൂവായിരത്തിലധികം കലാകരൻമാരാണ് സെയ്ൻ നദിയെ കളറാക്കാൻ തയ്യാറെടുത്തിരിക്കുന്നത്. മൂന്നരലക്ഷത്തിലധികം കാണികള്‍ക്ക് ഉദ്ഘാടന ചടങ്ങ് നേരിട്ട് വീക്ഷിക്കാനാവും. ഫലസ്തീൻ അധിനിവേശം തുടരുന്ന ഇസ്രായേലിനെതിരെ മേള അവസാനിക്കുംവരെ പ്രതിഷേധിക്കുമെന്ന് ഒരുവിഭാഗം കാണികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 45,000 ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പാരീസില്‍ വിന്യസിച്ചിരിക്കുന്നത്.

ലോകാത്ഭുതമായ ഈഫല്‍ ടവറിന് അഭിമുഖമായി തയ്യാറാക്കിയ വേദിയിലാണ് ഉദ്ഘാടനചടങ്ങ് . 35 വേദികളില്‍ 32 ഇനങ്ങളിലായി 329 മത്സരങ്ങളാണ് നടക്കുക. 117 പേരാണ് ഇന്ത്യക്കായി മെഡല്‍ വേട്ടക്കറിങ്ങുന്നത്. ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങുകള്‍ നാളെയാണെങ്കിലും ഫുട്ബാളിലെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ഇന്നലെ ആരംഭിച്ചു. അർജന്റീനയും മൊറോക്കോയും തമ്മിലായിരുന്നു ആദ്യ മത്സരം. അമ്ബെയ്‌ത്തിലെ റാങ്കിംഗ് റൗണ്ട് മത്സരങ്ങള്‍ക്കായി ഇന്ത്യൻ പുരുഷ വനിതാ താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *