
നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. പ്രതിപക്ഷ നേതാവിനെതിരെ നിയമസഭയില്‍ താന്‍ ഉന്നയിച്ച 150 കോടിയുടെ അഴിമതി ആരോപണം പി ശശിയുടെ നിര്‍ദേശപ്രകാരമാണെന്ന് പി വി അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ്പി ശശി വക്കീല്‍ നോട്ടീസ് അയച്ചത്. ഇത് നാലാം തവണയാണ് പി വി അന്‍വറിന് പി ശശിയുടെ വക്കീല്‍ നോട്ടീസെത്തുന്നത്.
രാഷ്ട്രീയലക്ഷ്യം വെച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചതെന്നും പിന്‍വലിച്ച് മാപ്പ് പറയണം എന്നുമാണ് നോട്ടീസിലൂടെ ആവശ്യപ്പെട്ടത്. അഡ്വ. കെ വിശ്വന്‍ മുഖേനയാണ് വക്കീല്‍ നോട്ടീസ്. കഴിഞ്ഞ ദിവസം എംഎല്‍എ സ്ഥാനം രാജിവെച്ചതിന് പിന്നാലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് വെളിപ്പെടുത്തല്‍.അന്‍വറിന്റെ വെളിപ്പെടുത്തല്‍ പച്ചക്കള്ളം ആണെന്നും പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കുന്നതിന് വേണ്ടിയുള്ള ഗൂഢാലോചനയാണെന്നും പി ശശി പ്രതികരിച്ചിരുന്നു.

നിലനില്‍പിനുവേണ്ടി പ്രതിപക്ഷ നേതാവിനോട് മാപ്പ് ചോദിക്കുന്നതിനായി, തന്റെ മുന്‍കാല ചെയ്തികളുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപെടാനാണ് അന്‍വര്‍ ശ്രമിക്കുന്നതെന്നും പി ശശി കുറ്റപ്പെടുത്തിയിരുന്നു.
