മുനമ്പം ഭൂമി പ്രശ്നത്തിൽ ക്രൈസ്തവ സഭാധ്യക്ഷന്മാരെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മതമേലധ്യക്ഷന്മാരിൽ ചിലരുടെ ഭാഷ ക്രിസ്തുവിന്റെ ഭാഷയല്ലെന്നും അവർ ചെയ്യുന്നത് അവർ അറിയുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ വഴിക്കും മതം മതത്തിന്റെ വഴിക്കും പോകണമെന്ന് ബിനോയ് വിശ്വം പറഞ്ഞു.പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി മുനമ്പത്തേക്ക് ഓടിയത് ആത്മാർത്ഥത കൊണ്ടല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.
മണ്ഡലത്തിലെ മാറ്റം തിരിച്ചറിഞ്ഞുളള പരക്കം പാച്ചിലാണതെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. അതേസമയം പാലക്കാട്ടെ പെട്ടിവിവാദത്തെ ജനം തോൽപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ പെട്ടിവിവാദത്തെ ജനങ്ങൾ വോട്ട് ചെയ്ത് തോൽപ്പിക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. മുനമ്പം സമരത്തെ രാഷ്ട്രീയ വിഷയം ആക്കി മാറ്റാനുള്ള ശ്രമത്തെ എതിർക്കുമെന്ന് ബിനോയ് നേരത്തെ വ്യക്തമാക്കിയിരുന്നു.വിവാദം പാലക്കാട്ടെ ജനങ്ങൾ ചർച്ച ചെയ്യും. പണത്തിന്റെ കുത്തൊഴുക്ക് കേരളത്തിലേക്കും വരുന്നു. ചീത്തപ്പണം വന്ന രാഷ്ട്രീയത്തെ കീഴ് പെടുത്തുന്നു.
കോൺഗ്രസും ബിജെപിയും ആണ് ഇത് കൊണ്ടു വരുന്നതെന്നും ബിനോയ് വിശ്വം ആരോപിച്ചു. അതേസമയം മുനമ്പം വിഷയം ബിജെപി ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചിരുന്നു. തിരുവനന്തപുരം ലൂർദ് ഫെറോന പള്ളിയിൽ അടക്കം 1000 കേന്ദ്രങ്ങളിലാണ് കത്തോലിക്കാ കോൺഗ്രസ് മുനമ്പം സമരത്തിനായി ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചത്. നിരാഹാര സമരം ആരംഭിച്ചിട്ട് ഇന്ന് ഒരു മാസം തികയും.