മുണ്ടക്കൈ ദുരിതം: ഉണ്ടായിരുന്നത് 100 വീടുകൾ, അവശേഷിക്കുന്നത് 30 എണ്ണം

കേരളം ഇന്നുവരെ കണ്ടതില്‍വെച്ചേറ്റവും ദാരുണമായ പ്രകൃതി ദുരന്തമാണ് വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായത്. ഒറ്റ രാത്രി കൊണ്ട് നൂറു കണക്കിനാളുകളുടെ ജീവനുകളാണ് മണ്ണിനടിയിൽ അകപ്പെട്ടത്. കുടുംബത്തെ നഷ്ടപ്പെട്ട് അനാഥരായവർ വേറെ. മുണ്ടക്കൈയിൽ ഇപ്പോൾ അവശേഷിക്കുന്നത് വെറും 30 വീടുകൾ മാത്രമാണെന്ന് പഞ്ചായത്ത് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്തിന്റെ രജിസ്റ്റർ പ്രകാരം 100 ലധികം വീടുകളാണ് നേരത്തെ ഇവിടെയുണ്ടായിരുന്നത്.

മുണ്ടക്കൈ മേഖലയിൽ രക്ഷാപ്രവർത്തനം ഊർജിതമായി നടന്നുകൊണ്ടിരിക്കുകയാണ്. ബെയിലി പാലം നിർമിക്കുന്നതിന് വേണ്ടിയുള്ള സാധനങ്ങളുമായി 11 മണിയോടെ പ്രത്യേക വിമാനം കണ്ണൂർ വിമാനത്താവളത്തിൽ എത്തും. വയനാട്ടിലേക്ക് കൊണ്ട് വരാനായി 18 ലോറികൾ വിമാനത്താവളത്തിൽ സജ്ജമാക്കിയിട്ടുണ്ട്. സൈന്യത്തിന്റെ മൂന്ന് കെടാവർ ഡോ​ഗുകളും ഒപ്പമെത്തും.

വയനാട് ജില്ലയിലെ കൽപറ്റ നിയമസഭാമണ്ഡലത്തിലെ മേപ്പാടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് ദുരന്തം നടന്നത്. ദുരന്തത്തിൽ ചൂരൽമല അങ്ങാടി പൂർണമായും തകർന്നു. നിരവധി വീടുകൾ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ടു. മരണം ഇതുവരെ 159 ആയി. 481 പേരെ രക്ഷപ്പെടുത്തി. 187 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 3069 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. 98 പേരെ കണ്ടെത്താനുണ്ടെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *