മുട്ടിൽ മരംമുറി കേസ് :ലേലം ചെയ്തു വില്‍ക്കാന്‍ അനുമതി തേടി വനംവകുപ്പ്

മുട്ടിൽ മരംമുറിക്കേസില്‍ പിടിച്ചെടുത്ത തടികള്‍ ലേലം ചെയ്തു വില്‍ക്കാന്‍ അനുമതി തേടി വനംവകുപ്പ്. കല്പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് സൗത്ത് വയനാട് ഡിഎഫ്‌ഒ ഹര്‍ജി നല്‍കിയത്.

മൂന്നുവര്‍ഷമായി 104 ഈട്ടി തടികള്‍ ഡിപ്പോയില്‍ ഒരേ കിടപ്പിലാണ്. വനംവകുപ്പിന്റെ കുപ്പാടി ഡിപ്പോയിലാണ് കോടികള്‍ വിലമതിക്കുന്ന മരത്തടികള്‍ സൂക്ഷിച്ചിരിക്കുന്നത്.

മഞ്ഞും മഴയും വെയിലുമേറ്റ് തടികള്‍ നശിക്കുന്നതിനിടെയാണ് വനംവകുപ്പ് നീക്കം. ഹര്‍ജി കല്‍പ്പറ്റ കോടതി19ന് പരിഗണിക്കും. 500 വര്‍ഷം വരെ പഴക്കമുള്ള തടികളാണ് മരംമുറിക്കേസ് പ്രതികളായ ആന്റോ സഹോദരന്മാര്‍ മുറിച്ചു കടത്തിയത്.

ഡിഎന്‍എ, കാലപ്പഴം എന്നിവയൊക്കെ
അന്വേഷണ സംഘം നടത്തിയിരുന്നു. മരങ്ങങ്ങള്‍ മതിയായ രീതിയില്‍ സംരക്ഷിക്കുന്നില്ലെന്ന് കാട്ടി പ്രതികള്‍ കോടതിയെ സമീപിച്ചിരുന്നു.
അനധികൃതമായി മരംമുറിച്ച്‌ കടത്തിയതിന് റവന്യൂവകുപ്പ് നേരത്തെ ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്‌ട് പ്രകാരം പിഴയീടാക്കാനുള്ള നടപടി തുടങ്ങിയിരുന്നെങ്കിലും ഇപ്പോള്‍ എല്ലാം നിലച്ച അവസ്ഥയിലാണ്.

കേസില്‍ പൊലീസിന്റെ പ്രത്യേക അന്വേഷണത്തില്‍ സുല്‍ത്താന്‍ ബത്തേരി
ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസൂട്ടി
അഗസ്റ്റിന്‍ എന്നിവരുള്‍പ്പെടെ കേസില്‍ 12 പ്രതികളാണുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *