മുഖ്യമന്ത്രി പിണറായി വിജയന്റെ മുസ്‌ലിം ലീഗ് വിമര്‍ശനത്തിനെതിരെ ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മുസ്‌ലിം ലീഗിനെതിരെ വിമര്‍ശനം ഉണ്ടായില്ലെങ്കില്‍ ആണ് അത്ഭുതമെന്ന് അദ്ദേഹം പറഞ്ഞു. വയനാടും പാലക്കാടും ഭൂരിപക്ഷം ഉണ്ടായതില്‍ മുഖ്യമന്ത്രിക്ക് അലോസരമാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. എല്‍ഡിഎഫ് ചേരിത്തിരിവിനിടയാക്കുന്ന വിഷയങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ ചോരുന്നത് അവരുടെ വോട്ടാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.’വമ്പന്‍ ഭൂരിപക്ഷം കിട്ടുന്നതില്‍ മുസ്‌ലിം ലീഗിന്റെ സംഘടനാ ശക്തിയും സാദിഖലി ഷിഹാബ് തങ്ങളുടെ നേതൃത്വവുമൊക്കെ വഹിക്കുന്ന പങ്ക് അവരെ അലോസരപ്പെടുത്തുന്നുണ്ട്.
വയനാട്ടില്‍ ഒരുപാട് നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മൂന്നാമത് പോയിരിക്കുകയാണ്. സര്‍ക്കാര്‍ നേട്ടവും പുരോഗമന രാഷ്ട്രീയവും പറയുന്നതിന് പകരം ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ എന്നൊക്കെ പറഞ്ഞ് മറ്റ് പല ചേരിത്തിരിവിനിടയാക്കുന്ന വിഷയങ്ങള്‍ പ്രചാരണ വിഷയമാക്കുമ്പോള്‍ അവരുടെ സ്ഥിതിയെന്താകുമെന്ന് ഇടതുപക്ഷം ആലോചിക്കണം. ചോര്‍ച്ച സംഭവിക്കുന്നത് അവരുടെ വോട്ടിനാണ്’, കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണം എല്‍ഡിഎഫിനെ തന്നെ ബാധിക്കുമെന്ന് അവര്‍ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. അതിനുദാഹരണമാണ് വയനാടെന്നും മന്ത്രിയുടെ മണ്ഡലമടക്കം പല ബൂത്തുകളിലും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്‍ഡിഎഫ് വല്ലാതെ ബിജെപിക്ക് പുറകില്‍ പോകുന്നുവെന്നും ഇപ്പോള്‍ കളിക്കുന്ന കാര്‍ഡ് കളിയില്‍ അവരുടെ കാലിന്റെ അടിയില്‍ നിന്നാണ് മണ്ണൊലിക്കുന്നത് എന്ന് മനസിലാക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.
എല്ലാ കാലത്തും സംഘടനാ ശക്തി കാണിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് അവസാന തിരഞ്ഞെടുപ്പിലെടുത്ത പങ്ക് പ്രകടമാണ്. അത് അവരെ അലോസരപ്പെടുത്തുന്നുണ്ടാകും. രാഷ്ട്രീയപരമായ വിമര്‍ശനങ്ങളുമായി പോകുന്നതല്ലാതെ വിഭജനമുണ്ടാക്കാനുള്ള കളി അവരെ തന്നെ ബാധിക്കുന്നു. എസ്ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയുമാണ് പ്രശ്‌നമെങ്കില്‍ ബാബരി മസ്ജിദ് കാലം ഓര്‍ത്താല്‍ മതി. ആ കാലത്ത് അവരെയൊക്കെ യാതൊരുവിധ സങ്കോചമില്ലാതെ ലീഗിനെതിരെ എല്‍ഡിഎഫ് അണിനിരത്തി.
അവരോട് പരസ്യമായി നന്ദി പറഞ്ഞതിന്റെ വീഡിയോയുണ്ട്. ഹെഡ്ക്വാര്‍ട്ടേര്‍സില്‍ പോയി ചര്‍ച്ച ചെയ്തു. ഞങ്ങള്‍ അത് ചെയ്തിട്ടില്ല’, കുഞ്ഞാലിക്കുട്ടി പറഞ്ഞു.ലീഗിനെ വര്‍ഗീയ ശക്തിയായി സിപിഐഎം പറഞ്ഞിട്ടില്ലെന്നും അങ്ങനെ ആര്‍ക്കും പറയാന്‍ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സമസ്തയുമായി എല്ലാ കാലത്തും ചര്‍ച്ചകള്‍ ഉണ്ടെന്നും മത സംഘടനകളുമായി എല്ലാ കാലത്തും വിഷയാധിഷ്ഠിത ചര്‍ച്ചകള്‍ ഉണ്ടാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരുകാലത്തും വര്‍ഗീയതയുമായി സന്ധി ചേരില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.