മുഖ്യമന്ത്രിപദത്തിലേക്ക് പരിഗണിച്ചില്ലെങ്കില്‍ ക്യാബിനറ്റിലേക്കില്ലെന്നാണ് വി ഡി സതീശൻ


online news portal

മുഖ്യമന്ത്രിയാകാന്‍ പിന്തുണ ഉറപ്പിക്കാനുള്ള നേതാക്കളുടെ ചരടുവലികള്‍ക്കിടെ കെപിസിസി ആസ്ഥാനത്ത് നിയുക്ത എംഎല്‍എമാരുടെ നിര്‍ണായകയോഗം. എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് യോഗം ചേരുന്നത്. മുഖ്യമന്ത്രിപദത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് നിലപാടില്‍ വി ഡി സതീശന്‍ ഉറച്ചുനില്‍ക്കുകയാണ്. പരിഗണിച്ചില്ലെങ്കില്‍ ക്യാബിനറ്റിലേക്കില്ലെന്നാണ് വി ഡി സതീശന്റെ നിലപാട്.


എംഎല്‍എമാരെ മാത്രം കേട്ടാല്‍ പോരെന്നും പൊതുവികാരം പരിഗണിക്കണമെന്നും അദ്ദേഹം എഐസിസി നിരീക്ഷകരെ അറിയിച്ചു. എംഎല്‍എ വെവ്വേറ കാണണോ എന്ന് തീരുമാനിക്കുമെന്ന് എഐസിസി നിരീക്ഷകനായ അജയ് മാക്കന്‍ പറഞ്ഞു.കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ കെ സി വേണുഗോപാലിനാണെന്ന സൂചന വരുന്നതിനിടെയാണ് വി ഡി സതീശന്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്.

online news portal

സീനിയോരിറ്റിയും എംഎല്‍എമാരുടെ പിന്തുണയും അല്‍പ്പം കുറഞ്ഞെന്ന് വന്നാലും സാധാരണ പ്രവര്‍ത്തകരുടേയും പൊതുജനങ്ങളുടേയും ഉള്‍പ്പെടെ പിന്തുണ വി ഡി സതീശനുണ്ടെന്നാണ് വി ഡി പക്ഷത്തിന്റെ അവകാശവാദം. ഈ വലിയ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശില്‍പ്പി വി ഡി സതീശനാണെന്നും പ്രതിപക്ഷ നേതാവെന്ന നിലയിലെ പ്രകടനം മികച്ചതാണെന്നും വി ഡി പക്ഷം അവകാശവാദം ഉന്നയിക്കുന്നുണ്ട്.

കെ സുധാകരന്‍ എം പി, ബെന്നി ബഹന്നാന്‍ എംഎല്‍എ, കൊടിക്കുന്നില്‍ സുരേഷ്, എം കെ രാഘവന്‍ തുടങ്ങിയ നേതാക്കളുടെ പിന്തുണ കെ സി വേണുഗോപാലിനാണ്. എന്നാല്‍ ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ള എംഎല്‍എമാരുടെ പിന്തുണ വി ഡി സതീശനാണ്.

മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകക്ഷികളുടെ പിന്തുണയും വി ഡി സതീശനുണ്ട്. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍, ഹൈക്കമാന്‍ഡ് നിയോഗിച്ച എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് യോഗം. എംഎല്‍എമാരില്‍ നിന്നും നേതാക്കളില്‍ നിന്നും അഭിപ്രായം തേടിയ ശേഷം ഇന്ന് തന്നെ എഐസിസി നിരീക്ഷകര്‍ ഡല്‍ഹിയിലേക്ക് മടങ്ങും.



Sharing is Caring