കോഴിക്കോട്: പ്രതിസന്ധികളില്‍ നിന്നും കരകയറാനാകാതെ ബുദ്ധിമുട്ടുന്ന മാനാഞ്ചിറ പബ്ലിക് ലൈബ്രറിയ്ക്ക് സര്‍ക്കാരിന്റെ ധനസഹായം. സംസ്ഥാന ബജറ്റില്‍ ലൈബ്രറിയ്ക്ക് 10 ലക്ഷത്തിന്റെ ധനസഹായമാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് നില്‍ക്കുന്ന ലൈബ്രറിയ്ക്ക് ആശ്വാസമായാണ് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം. ഓരോ ദിനവും തള്ളി നീക്കാന്‍ കഷ്ടപ്പെടുന്ന ലൈബ്രറി ജീവനക്കാര്‍ക്ക് ആശ്വാസമായാണ് സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം. സമയബന്ധിതമായി ശമ്പളം ലഭിക്കാത്തതിനാല്‍ പല ജീവനക്കാരും നീരസത്തോടെയാണ് ഇവിടെ ജോലി ചെയ്തു വരുന്നത്. മുന്നു മാസത്തോളമായി ശമ്പളം ലഭിക്കാത്തത് പല ജീവനക്കാരെയും വീട്ടില്‍ അവധിയെടുത്തു നില്‍ക്കാന്‍ പ്രേരിപ്പിച്ചു. ലൈബ്രറിയ്ക്ക് ഫണ്ടോ ഗ്രാന്റോ ലഭിക്കാത്തത് പല മാഗസിനുകളും പത്രങ്ങളും നിര്‍ത്തിവേക്കേണ്ട അവസ്ഥ ഇവിടെ സൃഷ്ടിച്ചിരുന്നു.
ലൈബ്രറിയ്ക്ക് ഇത്തരം സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കാന്‍ പ്രധാന കാരണക്കാര്‍ ഷോപ്പിങ്ങ് കോംപ്ലക്‌സിലെ വ്യാപാരികളാണ്. ഷോപ്പിങ്ങ് കോംപ്ലക്‌സിലെ 20 തോളം മുറികള്‍ വാടകയ്ക്ക് കൊടുത്തിരിക്കുന്നവയാണ്. ലൈബ്രറി കെട്ടിടത്തിലെ വ്യാപാരികള്‍ കൃത്യമായി വാടക കൊടുക്കാത്തത്. സാമ്പത്തികസഹായങ്ങള്‍ ലഭിക്കാത്തത് കാരണം പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കയായിരുന്നു. വാടകയുടെ അടിസ്ഥാനത്തിലായിരുന്നു ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോയിരുന്നത്. ഒരു വര്‍ഷത്തോളമായി വാടക നല്‍കാത്ത വ്യാപാരികള്‍ സുഖമായി ഷോപ്പിങ്ങ് കോപ്ലക്‌സില്‍ കച്ചവടം ചെയ്യുകയാണ്. മാസത്തില്‍ 1550 രൂപ വാടക എന്ന നിലയിലായിരുന്നു ലൈബ്രറി കെട്ടിടത്തിനു താഴെയുള്ള മുറികള്‍ വാടകയ്ക്ക് നല്‍കിയത്. കരാര്‍പ്രകാരം ഓരോ വര്‍ഷം കൂടുംതോറും വാടക പത്തു ശതമാനം വര്‍ധിപ്പിക്കണമെന്നായിരുന്നു. എന്നാല്‍ ഈ കരാര്‍ പാലിക്കാത്തതിനു പുറമെ ബില്ലുമായി വാടക മുറികളിലെ വ്യാപാരികളെ സമീപിച്ചപ്പോള്‍ ഇവിടെ കച്ചവടമൊന്നും നടക്കുന്നില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. ഈ പ്രശ്‌നം കാരണം കച്ചവടക്കാരും ലൈബ്രറിയും തമ്മിലുള്ള കേസ് നടന്നുകൊണ്ടിക്കുന്നു. കേസ് ഹൈക്കോടതിയില്‍ സ്റ്റേയായി നില്‍ക്കുകയാണ്.
1996 ലായിരുന്നു മാനാഞ്ചിറ പബ്ലിക് ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്റര്‍ കോഴിക്കോട് ആരംഭിച്ചത്. അക്കാലത്ത് മറ്റൊരു ലൈബ്രറിയ്ക്കും അവകാശപ്പെടാന്‍ സാധിക്കാത്ത അഞ്ച് നിലകളോടു കൂടിയ മനോഹരമായ കെട്ടിടത്തില്‍ പുസ്തകസ്‌നേഹികളുടെ നഗരത്തിന് അഭിമാനമായി പ്രവര്‍ത്തിച്ച് തുടങ്ങിയ കോഴിക്കോട് പബ്ലിക് ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്റര്‍ ഇന്ന് അതിന്റെ ശില്‍പികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനാവാതെ സ്തംഭനാവസ്ഥയിലാണ്. ലൈബ്രറി ആരംഭിച്ചിട്ട് 17 വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ഒരു നവീകരണ പ്രവര്‍ത്തനവും ഇതുവരെ നടന്നിട്ടില്ല. ചില്‍ഡ്രന്‍സ് ലൈബ്രറി, ഡിജിറ്റല്‍ ലൈബ്രറി, റഫറന്‍സ് ലൈബ്രറി തുടങ്ങി വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, വീട്ടമ്മമാര്‍,വയോജനങ്ങള്‍ തുടങ്ങി ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള കോഴിക്കോട്ടെയും സമീപ ജില്ലകളിലെയും മുഴുവന്‍ ജനതയ്ക്കും പ്രയോജനപ്പെടും എന്ന് കരുതപ്പെട്ട മാനാഞ്ചിറ പബ്ലിക് ലൈബ്രറി അതിന്റെ ആരംഭകാലത്തെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നും ഒന്നുപോലും സാക്ഷാത്കരിക്കാനാവാതെ ഇപ്പോള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടത്. നാലു വര്‍ഷം മുന്‍പ് ലൈബ്രറി കൗണ്‍സില്‍ കെട്ടിടം സ്വന്തമാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നിലെ രാഷ്ട്രീയക്കളി മനസിലാക്കിയ എം ടി വാസുദേവന്‍ നായര്‍ അടക്കുമുള്ള പതിനെട്ടോളം അംഗങ്ങള്‍ അടങ്ങിയ ട്രസ്റ്റ് ഹോക്കോടതിയില്‍ റിട്ട് സമര്‍പ്പിച്ചിരുന്നു.