
മഹാരാഷ്ട്രയില്‍ ദുരിതംവിതച്ച് കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ റോഡുകളിലുള്‍പ്പെടെ വെള്ളക്കെട്ടാണ്.കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പൂന, മുംബൈ, പാല്‍ഗർ, താനെ, റായ്ഗഡ് എന്നിവിടങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താനെയിലെയും റായ്ഗഡിലെയും പാല്‍ഗറിലെയും നവി മുംബൈയിലെയും വിഭ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
മുംബൈയില്‍ മാത്രം 160ഓളം പേരെയാണു കനത്ത മഴയെ തുടർന്ന് മാറ്റിപ്പാർപ്പിച്ചത്. വിമാനസർവീസ് തടസപ്പെട്ടു. റായ്ഗഡ് ജില്ലയില്‍ കുത്തൊഴുക്കില്‍ പാലം തകർന്നു. അത്യാവശ്യത്തിനല്ലാതെ വീടുകളില്‍നിന്നു പുറത്തിറങ്ങരുതെന്നു ഭരണകൂടം അറിയിപ്പ് നല്‍കി.

പൂനയില്‍ കനത്ത മഴയെത്തുടർന്നുണ്ടായ അപകടങ്ങളില്‍ നാലു പേരാണ് മരിച്ചത്. പൂന നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. നിരവധിപ്പേരെ ഒഴിപ്പിച്ച് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. കരസേന, എൻഡിആർഎഫ് സംഘങ്ങളെ പൂനയില്‍ വിന്യസിച്ചിട്ടുണ്ട്.
