
മലപ്പുറം കരുവാരക്കുണ്ടില്‍ മല കയറാന്‍ പോയി വനത്തിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രണ്ട് യുവാക്കളെയും രക്ഷപ്പെടുത്തിയത്. കടുവയും ആനയുമുള്ള സൈലന്റ്വാലി ബഫര്‍ സോണിന്റെ ഭാഗമായ മലയിലാണ് യുവാക്കള്‍ കുടുങ്ങിയത്.
പാറയില്‍ നിന്ന് വീണ് കാലിന് പരുക്കേറ്റ യാസീനേയും ആഞ്ജലിനേയും ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരും എമര്‍ജന്‍സി റസ്ക്യൂ വളണ്ടിയര്‍മാര്‍ അടക്കമുള്ള സന്നദ്ധ പ്രവര്‍ത്തകരും വനം, അഗ്നിരക്ഷാസേന, പൊലീസ് സേനാഗങ്ങളും സംയുക്തമായായിരുന്നു രക്ഷാപ്രവര്‍ത്തനം.

നാല് മണിക്കൂര്‍ എടുത്താണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായത്. ബുധനാഴ്ച ഉച്ചയോടെ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന് മീതെയുള്ള മല കയറിയ 3 യുവാക്കളില്‍ രണ്ട് പേരാണ് അര്‍ധരാത്രി വരേയും വനത്തിനുള്ളില്‍ കുടുങ്ങിയത്.
മൂന്നംഗ സംഘത്തിലെ ഷംനാസാണ് സുഹൃത്തുക്കളില്‍ 2 പേര് മലയില്‍ നിന്ന് ഇറങ്ങാനാവാതെയും വഴി അറിയാതെയും കുടുങ്ങിയതായ നാട്ടുകാരെ വിവരം അറിയിച്ചത്. ഉച്ചയ്ക്ക് ശേഷം മലയില്‍ പെയ്ത ശക്തമായ മഴയില്‍ ചോലകള്‍ നിറഞ്ഞതോടെയാണ് സംഘത്തിന് വഴിതെറ്റിയത്.
