
മലപ്പുറം മൂത്തേടം ചോളമുണ്ടയിൽ ചരിഞ്ഞ കാട്ടാനയുടെ ജഡത്തിൽ നിന്ന് വെടിയുണ്ട കണ്ടെടുത്തു. കസേര കൊമ്പനെന്ന് വിളിപ്പേരുള്ള കാട്ടാനയുടെ ജഡത്തിൽ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനിടെയാണ് വെടിയുണ്ട കണ്ടെടുത്തത്.സംഭവത്തിൽ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു.എടക്കര മൂത്തേടത്ത് ഭീതി പരത്തിയ കസേര കൊമ്പനെ ഇന്നലെ രാവിലെ സെപ്റ്റിക് ടാങ്കിൽ വീണ് ചരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഖാദർ എന്നയാളുടെ ഉപേക്ഷിക്കപ്പെട്ട് കിടന്നിരുന്ന സെപ്റ്റിക് ടാങ്കിൽ വീണാണ് ആന ചരിഞ്ഞത്.
ആനയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ വിവരം വനം വകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു. ആന ഈ അടുത്തായി വളരെ ക്ഷീണിതനായിരുന്നുവെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു.രാത്രി കൃഷിയിടത്തിലെ വിളകൾ നശിപ്പിച്ച ശേഷം പുലർച്ചയോടെ ആന റോഡിലിറങ്ങി ജനത്തെ ഭയപ്പെടുത്തിയിരുന്നു. നീണ്ടു വളഞ്ഞ കൊമ്പുകൾ കസേര പോലെ തോന്നിക്കുന്നതിലാണ് നാട്ടുകാർ കസേരക്കൊമ്പൻ എന്നു വിളിച്ചത്. ജനവാസ കേന്ദ്രങ്ങളിൽ നിന്ന് പിൻമാറാത്ത കൊമ്പനെ ഉൾക്കാട്ടിലേക്ക് തുരത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.

