
മലപ്പുറം മങ്കടയില്‍ മരിച്ച 18കാരിക്ക് നിപ സ്ഥിരീകരിച്ചു. കേരളത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയിലും പുണെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലും രോഗബാധ സ്ഥിരീകരിച്ചു. മരണ ശേഷം ഇവര്‍ക്ക് നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു.
രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 43 പേരാണ് കോഴിക്കോട് ജില്ലയിലുള്ളത്. ഇവരെല്ലാം ആരോഗ്യപ്രവര്‍ത്തകരാണ്. ഇവര്‍ക്ക് പൊതുജനങ്ങളുമായി സമ്പര്‍ക്കമുണ്ടായിട്ടില്ല. അതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.

പാലക്കാട്ടെ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സ്ഥിരീകരണം വരുന്നതിന് മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരുന്നു. രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം 25, 26 തീയതികളിലാണ് നിപ ബാധിച്ച രണ്ട് പേര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്.
