മമ്മുട്ടിയുടെ കളങ്കാവല്‍’ ബോക്സ് ഓഫീസില്‍ വൻ വിജയം നേടുന്നു

ജിതിൻ കെ. ജോസിന്റെ സംവിധാനത്തില്‍ മെഗാസ്റ്റാർ മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തിയ ‘കളങ്കാവല്‍’ ബോക്സ് ഓഫീസില്‍ വൻ വിജയം നേടുന്നു.റിലീസ് ചെയ്ത് വെറും ഒൻപത് ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം ആഗോളതലത്തില്‍ 75 കോടി രൂപ കളക്ഷൻ സ്വന്തമാക്കി. മമ്മൂട്ടികമ്ബനി തന്നെയാണ് ഈ കളക്ഷൻ നേട്ടം ഔദ്യോഗികമായി പുറത്തുവിട്ടത്. പ്രേക്ഷകരുടെയും നിരൂപകരുടെയും മികച്ച പ്രശംസ നേടിയ ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം മമ്മൂട്ടിയുടെയും വിനായകന്റെയും മികച്ച പ്രകടനങ്ങളാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.ബോക്സ് ഓഫീസില്‍ റെക്കോർഡുകള്‍ തിരുത്തിക്കുറിച്ചാണ് മമ്മൂട്ടി-വിനായകൻ ചിത്രം ‘കളങ്കാവല്‍’ മുന്നേറുന്നത്. ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മമ്മൂട്ടി ചിത്രം എന്ന ബഹുമതിയും ഈ സിനിമ സ്വന്തമാക്കി.


‘ഭീഷ്മപർവ്വം’, ‘കണ്ണൂർ സ്‌ക്വാഡ്’, ‘ഭ്രമയുഗം’, ‘ടർബോ’ തുടങ്ങിയ സൂപ്പർഹിറ്റുകള്‍ക്ക് ശേഷം 50 കോടി ക്ലബ്ബിലെത്തുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്. മമ്മൂട്ടിക്കമ്ബനിയുടെ ഏഴാമത്തെ നിർമ്മാണ സംരംഭമായ ‘കളങ്കാവലി’ന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് നവാഗതനായ ജിതിൻ കെ. ജോസാണ്. ‘കുറുപ്പ്’ എന്ന സിനിമയുടെ കഥാകൃത്തായ ജിതിൻ ജോസ്, ജിഷ്ണു ശ്രീകുമാറിനൊപ്പമാണ് ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്.‘കളങ്കാവല്‍’ ചിത്രത്തിന് നിരവധി പ്രത്യേകതകളുണ്ട്. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി 21 നായികമാർ ഒന്നിച്ച്‌ അണിനിരന്ന ചിത്രം എന്ന പ്രത്യേകത ഈ സിനിമയ്ക്കുണ്ട്.


കഴിഞ്ഞ എട്ട് മാസങ്ങള്‍ക്കിടയിലെ വലിയ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം കൂടിയാണിത്. ഇതിനുമുമ്ബ് ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ‘ബസൂക്ക’ ആയിരുന്നു ഒടുവില്‍ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം. എന്തായാലും, ഈ വലിയ ഇടവേളയ്ക്ക് ശേഷമുള്ള മെഗാസ്റ്റാറിന്റെ ബോക്സ് ഓഫീസ് തിരിച്ചുവരവ് ആഘോഷമാക്കുകയാണ് പ്രേക്ഷകർ.ചിത്രത്തില്‍ മമ്മൂട്ടിക്കും വിനായകനും ഒപ്പം പ്രമുഖ താരങ്ങളായ ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രെജിഷ വിജയൻ, ഗായത്രി അരുണ്‍, മാളവിക, ശ്രുതി രാമചന്ദ്രൻ എന്നിവരും അണിനിരക്കുന്നുണ്ട്.

പ്രാദേശിക വിതരണ രംഗത്തും ‘കളങ്കാവല്‍’ ശക്തമായ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. ‘ലോക’ ഉള്‍പ്പെടെയുള്ള മലയാള ചിത്രങ്ങള്‍ തമിഴ്‌നാട്ടില്‍ വിതരണം ചെയ്ത ഫ്യുച്ചർ റണ്ണപ് ഫിലിംസ് ആണ് തമിഴ്‌നാട് വിതരണക്കാർ. കൂടാതെ, ആന്ധ്ര/തെലങ്കാനയില്‍ സിതാര എന്റെർറ്റൈന്മെന്റ്സും, കർണാടകത്തില്‍ ലൈറ്റർ ബുദ്ധ ഫിലിംസും, നോർത്ത് ഇന്ത്യയില്‍ പെൻ മരുധാർ എന്നിവരുമാണ് ചിത്രം വിതരണം ചെയ്തിരിക്കുന്നത്.


Sharing is Caring