മന്ത്രിമാറ്റ ചര്‍ച്ചയില്‍ രൂക്ഷപരിഹാസവുമായി വെള്ളാപ്പള്ളി നടേശന്‍

മന്ത്രി പദവിക്കായുള്ള തോമസ് കെ തോമസിന്റെയും പി സി ചാക്കോയുടേയും ശ്രമം കണ്ട് കേരളം ചിരിക്കുന്നുവെന്ന പരിഹാസവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കുട്ടനാട് മണ്ഡലം എന്‍ സി പിക്ക് നല്‍കിയത് അക്ഷന്തവ്യമായ അപരാധമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഒരു വള്ളത്തില്‍ പോലും കയറാന്‍ ആളില്ലാത്ത പാര്‍ട്ടിയായി എന്‍സിപി മാറി. തോമസ് കെ തോമസിന് ഒരു രാഷ്ട്രീയ പാരമ്പര്യവും ഇല്ല. ഒരു കുബേരന്റെ മന്ത്രി മോഹം പൂര്‍ത്തീകരിക്കേണ്ട ബാധ്യത എല്‍ഡിഎഫിന് ഇല്ല. എ കെ ശശീന്ദ്രന്‍ ജന പിന്തുണ ഉള്ള നേതാവാണ്.

കുട്ടനാട് മണ്ഡലം തറവാട്ടുവക എന്ന് കരുതുന്ന ആളാണ് തോമസ് കെ തോമസ്. ഇടതുമുന്നണിയോടുള്ള സ്‌നേഹം കാരണമാണ് തോമസ് കെ തോമസ് കുട്ടനാട്ടില്‍ വിജയിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.എസ്എന്‍ഡിപി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിലെ ലേഖനത്തിലാണ് വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനങ്ങള്‍. കുട്ടനാട് തോമസ് കെ തോമസിന് വിട്ടുകൊടുക്കണോ എന്ന പേരിലാണ് ലേഖനം.

പാര്‍ട്ടിയുടെ തലതൊട്ടപ്പനായ ശരദ് പവാറിന്റെ മഹാരാഷ്ട്രയില്‍ പോലും എന്‍സിപിയുടെ അവസ്ഥ മോശമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പരിഹസിക്കുന്നു. തൊഴിലാളികളും പിന്നാക്ക വിഭാഗക്കാരും തിങ്ങിപ്പാര്‍ക്കുന്ന കുട്ടനാട്ടില്‍ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമില്ലാത്ത തോമസ് കെ തോമസിനെ മത്സരിച്ചത് കുട്ടനാട്ടിലെ ജനങ്ങളോട് ചെയ്ത തെറ്റാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *