
മധ്യപ്രദേശില്‍ അഞ്ച് വയസുകാരിയ്ക്ക് നേരെ അയല്‍വാസിയായ 17 വയസുകാരന്റെ അതിക്രൂരമായ ലൈംഗിക അതിക്രമം. ബലാത്സംഗത്തില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് 28 സ്റ്റിച്ചുകള്‍ വേണമെന്ന് ഗ്വാളിയോറിലെ കമല രാജാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ ശരീരത്തിലാകെ പ്രതി കടിച്ചതിന്റെ മുറിവുകളുമുണ്ട്. മദ്യലഹരിയിലായിരുന്ന പ്രതി കുട്ടിയുടെ തല ശക്തിയായി ഭിത്തിയിലിടിച്ചും പരുക്കേല്‍പ്പിച്ചതായി പൊലീസ് പറഞ്ഞു.
മധ്യപ്രദേശിലെ ശിവപുരി ഗ്രാമത്തിലാണ് ഭീതിദമായ സംഭവം നടന്നത്. ഫെബ്രുവരി 23ന് അഞ്ചുവയസുകാരിയെ കാണാതായി. പിന്നീട് മണിക്കൂറുകള്‍ക്കൊടുവില്‍ തൊട്ടടുത്ത് വീടിന്റെ ടെറസില്‍ ചോരയൊലിപ്പിക്കുന്ന വിധത്തില്‍ കുട്ടിയെ കണ്ടെത്തിയതോടെയാണ് അതിക്രൂര ബലാത്സംഗത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്. കുട്ടിയെ കണ്ടുകിട്ടുമ്പോള്‍ കുട്ടി ബോധരഹിതയായിരുന്നു. ശരീരത്തിലാകെ മുറിവുകളുണ്ടായിരുന്നു. പിന്നീട് അയല്‍വാസിയായ 17 വയസുകാരനാണ് കുട്ടിയെ ആക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തി.

സംഭവത്തില്‍ രോഷാകുലരായ നാട്ടുകാരും കോണ്‍ഗ്രസ്, ബിജെപി മുതലായ രാഷ്ട്രീയ പാര്‍ട്ടികളും പ്രദേശത്ത് ശക്തമായ പ്രതിഷേധം തുടരുകയാണ്.കുട്ടി ഇപ്പോഴും ആരോഗ്യനില തരണം ചെയ്തിട്ടില്ലെന്ന് കമല രാജാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതിയായ 17 വയസുകാരന് വധശിക്ഷ നല്‍കണമെന്ന് ആവശ്യമുന്നയിച്ച് നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്കും എസ്പിയ്ക്കും നിവേദനം നല്‍കി.
