മധു കൊലക്കേസ് : ഒന്നും രണ്ടും മൂന്നും പ്രതികൾ കുറ്റക്കാരെന്ന് കോടതി

പാലക്കാട് : അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ ഒന്നും രണ്ടും മൂന്നും പ്രതികൾ കുറ്റക്കാരെന്ന് കോടതി. പ്രതികളുടെ ശിക്ഷ കോടതി നാളെ വിധിക്കും. ഒന്നാം പ്രതിയായ ഹുസൈനും രണ്ടാം പ്രതി മരക്കാറും മൂന്നാം പ്രതി ഷംസുദ്ദീനുമാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. മധുവിനെ കാട്ടിൽ നിന്ന് പിടിച്ചു കൊണ്ടു വന്ന് മുക്കാലിയിലെത്തിച്ചപ്പോൾ ഹുസൈൻ. മധുവിന്‍റെ നെഞ്ചിലേക്ക് ചവിട്ടി. മധു പിറകിലുള്ള ഭണ്ഡാരത്തിൽ തലയിടിച്ച് വീഴുകയായിരുന്നു. ഹുസൈന്റെ കടയിൽ നിന്ന് മധു സാധനങ്ങൾ എടുത്തുവെന്ന് ആരോപിച്ചായിരുന്നു മധുവിനെ പിടിച്ചുകൊണ്ടുപോയതും കൊലപ്പെടുത്തിയതും.

മധു അജുമുടി കാട്ടിൽ ഉണ്ടെന്ന വിവരം 19-ാം സാക്ഷി കക്കി മൂപ്പനിൽ നിന്ന് അറിഞ്ഞ് മറ്റ് പ്രതികൾക്കൊപ്പം വണ്ടിക്കടവിലെത്തി. അവിടെ നിന്ന് റിസവർ വനത്തിൽ അതിക്രമിച്ചു കയറി. മധുവിനെ പിടികൂടിയത് മരക്കാറാണ്. മധുവിനെ പിടിക്കാൻ കാട്ടിൽ കയറിയ പ്രതികളിൽ ഒരാളാണ് മൂന്നാം പ്രതി ഷംസുദ്ദീൻ. ബാഗിന്റെ സിബ് കീറി മധുവിന്റെ കൈകെട്ടി. വടികൊണ്ട് പുറത്ത് അടിക്കുകയും മധുവിൻ്റെ രണ്ടാമത്തെ വാരിയെല്ല് പൊട്ടുകയും ചെയ്തു. മധു രക്ഷപ്പെടാതിനരികാകൻ കയ്യിൽ കെട്ടിയ സിബിൽ പിടിച്ച് നടത്തിച്ചതും ഷംസുദീനാണ്.

മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷത്തിനു ശേഷമാണ് വിധി വന്നിരിക്കുന്നത് ഒട്ടേറെ പ്രതിസന്ധികളും നാടകീയ സംഭവങ്ങളും കടന്നാണ് കേസ് ഇന്ന് വിധി പറഞ്ഞത്. ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസിൽ 24 പേർ കൂറ് മാറി. ഇതിൽ മധുവിന്റെ ബന്ധുവടക്കം ഉൾപ്പെടുന്നു. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധു ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെടുന്നത്. കേസിൽ 16 പ്രതികളുണ്ട്. അസാധാരണ സംഭവങ്ങളാണ് വിചാരണ ഘട്ടത്തിൽ നടന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *