മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഏങ്ങണ്ടിയൂർ അഞ്ചാംകല്ലിൽ മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏങ്ങണ്ടിയൂർ ചന്തപ്പടി സ്വദേശി വെള്ളപ്പറമ്പിൽ വീട്ടിൽ മോഹനന്റെ മകൻ മിഥുൻ (29) ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്തുക്കളായ നാലുപേരെ വാടാനപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച വൈകിട്ട് ആറേമുക്കാലോടെ അഞ്ചാംകല്ലിന് പടിഞ്ഞാറ് ഭാഗത്ത് വെച്ചായിരുന്നു സംഭവം. ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ സുഹൃത്തുക്കൾ തമ്മിൽ തർക്കം നടന്നിരുന്നു. പിന്നീട് അഞ്ചാംകല്ലിന് പടിഞ്ഞാറ് വെച്ച് ഇവർ തമ്മിൽ വീണ്ടും തർക്കമുണ്ടായി. തർക്കത്തിനിടെ മിഥുന്റെ വയറ്റിൽ കത്തി കൊണ്ട് കുത്തുകയായിരുന്നു.

ആഴത്തിൽ മുറിവേറ്റ യുവാവിന്റെ കുടൽ പുറത്തായിരുന്നു. പരിക്കേറ്റ് കിടന്ന യുവാവിനെ ഏങ്ങണ്ടിയൂർ ഏത്തായ് സനാതന ആംബുലൻസ് പ്രവർത്തകരെത്തി ഉടൻതന്നെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ആക്രമണത്തിനിരയായ മിഥുനെ ആംബുലൻസിൽ കയറ്റുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന പ്രതികളെന്ന് സംശയിക്കുന്ന രണ്ട് സുഹൃത്തുക്കളെയും ആംബുലൻസ് പ്രവർത്തകർ വാഹനത്തിൽ തന്ത്രപൂർവ്വം കയറ്റിയിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ഇവരെ കുറിച്ച് ആംബുലൻസ് പ്രവർത്തകർ തൃശൂർ ഈസ്റ്റ് പൊലീസിന് വിവരം കൈമാറുകയും ചെയ്തു.

തുടർന്ന് ആശുപത്രിക്ക് മുന്നിൽ വെച്ച് രണ്ടുപേരെയും ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത് വാടാനപ്പള്ളി പൊലീസിന് കൈമാറുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *