തിരുവനന്തപുരം: ഉരുകിയൊലിക്കുന്ന ചൂടിനെ നിര്‍വീര്യമാക്കുന്ന പ്രചരണച്ചൂടിലേക്ക് കേരളം വീണുകഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ അന്തിമചിത്രം വ്യക്തമായതോടെ രണ്ടാംഘട്ട പ്രചരണപരിപാടികളിലേക്ക് മുന്നണികളും സ്ഥാനാര്‍ത്ഥികളും ഇറങ്ങിക്കഴിഞ്ഞു. യു ഡി എഫ്, എല്‍ ഡി എഫ്, ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ 20 സീറ്റിലും മത്സരിക്കുമ്പോള്‍ പുതുതരംഗമായ ആംആദ്മി കേരളത്തില്‍ 15 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഇതോടൊപ്പം ആര്‍ എം പിയുടെയും എസ് യു സി ഐയുടെയും നേതൃത്വത്തിലുള്ള മുന്നണിയും മത്സരരംഗത്തുണ്ട്.
20 മണ്ഡലങ്ങളിലായി 269 പേര്‍ മത്സരിക്കും. എറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ തിരുവനന്തപുരത്ത്, 20 പേര്‍. ഏറ്റവും കുറവ് മാവേലിക്കരയില്‍. ഒമ്പത് സ്ഥാനാര്‍ഥികളാണ് മാവേലിക്കരയില്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ഇക്കുറി 45 സ്ഥാനാര്‍ഥികള്‍ കൂടുതലാണ്. സ്വതന്ത്രരായാണ് ഇവരുടെ മത്സരം.
ആദ്യഘട്ടത്തില്‍ 20 മണ്ഡലങ്ങളിലായി അപരന്മാര്‍ ഉള്‍പ്പടെ 386 പേര്‍ പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും 56 പേര്‍ പത്രിക പിന്‍വലിച്ചു. സൂക്ഷ്മ പരിശോധനയില്‍ 61 പത്രികകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി.
ആറ്റിങ്ങല്‍, പത്തനംതിട്ട, ഇടുക്കി, എറണാകുളം മണ്ഡലങ്ങളില്‍ 16 പേര്‍ വീതം ഗത്സരിക്കും. കാസര്‍കോട് 14ഉം ആലപ്പുഴയില്‍ 13ഉം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നു. കൊല്ലം, കോട്ടയം, പൊന്നാനി, വടകര, കണ്ണൂര്‍ എന്നിവിടങ്ങളില്‍ 11 പേര്‍ വീതവും മത്സരിക്കും.
പാര്‍ട്ടിയും മുന്നണിയും മാറിയ പ്രമുഖരുടെ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ്പ്രചരണം വീറുറ്റതാണ്. ആര്‍ എസ് പി എല്‍ ഡി എഫ് വിട്ട് യു ഡി എഫിലെത്തിയപ്പോള്‍ ഈ മണ്ഡലം സംസ്ഥാനത്ത് ശ്രദ്ധാകേന്ദ്രമാണ്. കൊല്ലത്തെ യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രന്‍ ആര്‍എസ്പിയുടെ ഔദ്യോഗിക ചിഹ്നമായ മണ്‍വെട്ടിയും മണ്‍കോരിയും ചിഹ്നത്തില്‍ മത്സരിക്കും. കോട്ടയത്ത് ലോക്‌സഭാ സീറ്റ് കിട്ടിയ ജനതാദള്‍ (എസ്) സ്ഥാനാര്‍ഥി മാത്യു ടി തോമസ് പാര്‍ട്ടി ചിഹ്നമായ കറ്റയേന്തിയ കര്‍ഷകസ്ത്രീ ചിഹ്നത്തില്‍ മത്സരിക്കുന്നത്.
പാലക്കാട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി എം പി വീരേന്ദ്രകുമാറിന് മോതിരമാണ് ചിഹ്നം. എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ക്രിസ്റ്റി ഫെര്‍ണാണ്ടസിന് ടെലിവിഷനാണ് ചിഹ്നം. ഇടുക്കി മണ്ഡലത്തിലെ ഇടതു സ്വതന്ത്രന്‍ ജോയ്‌സ് ജോര്‍ജിന്റെ ചിഹ്നം ബാറ്ററി ടോര്‍ച്ച് ആണ്. കോണ്‍ഗ്രസ് വിട്ട പത്തനംതിട്ട മണ്ഡലത്തിലെ എല്‍ ഡി എഫ് സ്വതന്ത്രന്‍ പീലിപ്പോസിന്റെ ചിഹ്നം ഓട്ടോറിക്ഷയാണ്. ചാലക്കുടിയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഇന്നസെന്റിനു കുടവും ചിഹ്നമായി ലഭിച്ചു. പത്തനംതിട്ടയിലെപോലെ കോണ്‍ഗ്രസ് വിട്ട പൊന്നാനിയിലെ എല്‍ ഡി എഫ് സ്വതന്ത്രന്‍ വി അബ്ദുറഹിമാന്റെ ചിഹ്നം കപ്പും സോസറുമാണ്.
FLASHNEWS