
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്കെതിരെ കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി. മതവിദ്വേഷ പ്രചാരണം നടത്തുകയും പ്രതിപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് ബാംഗ്‌ളൂര്‍ ഹൈഗ്രൗണ്ട് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിംഗ് സുര്‍ജേവാല, ഡി കെ ശിവകുമാര്‍, ഡോ.പരമേശ്വര്‍ എന്നിവരാണ് പരാതിക്കാര്‍.കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണ്ണാടകയില്‍ കലാപമുണ്ടാവുമെന്ന് അമിത്ഷാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പറഞ്ഞിരുന്നു. ബെളഗാവിലെ തെര്‍ദലില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ഈ വിവാദ പരാമര്‍ശം ഉണ്ടാകുന്നത്. ഇതിനെതിരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയത്.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കുടുംബ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കും. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കേര്‍പ്പെടുത്തിയ വിലക്ക് റദ്ദാക്കും. ഇതെല്ലാം കര്‍ണ്ണാടകയില്‍ കലാപങ്ങള്‍ക്കാണ് വഴിവെക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അമിത്ഷാ പറഞ്ഞത്.
റിവേഴ്സ് ഗിയറിലായിരിക്കും സംസ്ഥാനത്തിന്റെ വികസനം. അഴിമതി വര്‍ധിക്കും. ബിജെപിക്ക് മാത്രമാണ് കര്‍ണാടകയെ നയിക്കാനാവുകയെന്നും അമിത്ഷാ പറഞ്ഞിരുന്നു. അതോടൊപ്പം .കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുസ്ലീം സംവരണ പുനഃസ്ഥാപിക്കുമോയെന്ന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
