മണ്ഡല പുനര്‍നിര്‍ണയം-വനിതാ സംവരണം: ബില്ലില്‍ ഇന്ന് വോട്ട്


ലോക്സഭ, നിയമസഭാ മണ്ഡലങ്ങളില്‍ 33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതിന്റെ പേരില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള വിവാദ ഭരണഘടനാ ഭേദഗതി ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ വിയോജിപ്പ് മറികടന്ന് 185നെതിരെ 251 വോട്ടുകള്‍ നേടിയാണ് ബില്ല് അവതരണാനുമതി നേടിയത്. ഭരണഘടനാ ബില്ല് പാസ്സാക്കുന്നതിന് പാര്‍ലിമെന്റില്‍ പ്രത്യേക ഭൂരിപക്ഷം ആവശ്യമായതിനാല്‍ പ്രതിപക്ഷത്തിന്റെ പിന്തുണ കൂടി വേണം. സഭയുടെ ആകെ അംഗങ്ങളുടെ കേവല ഭൂരിപക്ഷവും ഹാജരാകുന്ന അംഗങ്ങളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും നേടിയാല്‍ മാത്രമേ ഭരണഘടനാ ഭേദഗതി പാസ്സാകുകയുള്ളൂ. നിലവില്‍ എന്‍ ഡി എക്ക് മാത്രമായി ഈ ഭൂരിപക്ഷമില്ല.


ഭരണഘടന 131ാം ഭേദഗതി ബില്ല്, കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ ഭേദഗതി ബില്ല്, മണ്ഡല പുനര്‍നിര്‍ണയ ബില്ല് എന്നിവയില്‍ ഇന്ന് വൈകിട്ട് നാലിന് വോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. കേന്ദ്ര നിയമകാര്യ മന്ത്രി അര്‍ജുന്‍ മേഘ്വാളാണ് ബില്ല് അവതരിപ്പിച്ചത്. ലോക്സഭാംഗങ്ങളുടെ എണ്ണത്തില്‍ ഏകീകൃതമായ 50 ശതമാനം വര്‍ധനവുണ്ടാകുമെന്നും സഭയുടെ മൂന്നിലൊന്ന് വനിതകള്‍ക്ക് സംവരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

online news portal

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ്സ് പ്രതിനിധികളായ പ്രിയങ്കാ ഗാന്ധി, ഗൗരവ് ഗൊഗോയ്, കെ സി വേണുഗോപാല്‍, എസ് പി നേതാവ് അഖിലേഷ് യാദവ്, ശിവസേന (യു ബി ടി) അംഗം അരവിന്ദ് സാവന്ത്, എന്‍ സി പി (എസ് പി) അംഗം അമോല്‍ റാംസിംഗ് കോല്‍ഹെ, മുസ്ലിം ലീഗ് അംഗം ഇ ടി മുഹമ്മദ് ബഷീര്‍, ബി ജെ പി അംഗം തേജസ്വി സൂര്യ ഉള്‍പ്പെടെയുള്ളവരാണ് ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുത്തത്.



Sharing is Caring