മംഗളൂരു ചലോ റാലി: പൊലിസിനെ ഭീഷണിപ്പെടുത്തിയ എം.പിക്കെതിരെ കേസെടുത്തു

യുവമോര്‍ച്ച നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മംഗളൂരുവില്‍ നടത്താനിരുന്ന ബൈക്ക് ചലോ റാലി പൊലിസ് തടഞ്ഞതിനെ തുടര്‍ന്ന് പൊലിസിനോട് തട്ടിക്കയറിയ ബി.ജെ.പിയുടെ മംഗളൂരു നളിന്‍ കുമാര്‍ കട്ടീല്‍ എം.പിക്കെതിരെ കേസെടുത്തു. കദ്രി പൊലിസ് ഇന്‍സ്‌പെക്ടര്‍ മാരുതി നായിക്കിന്റെ പരാതിയിലാണ് ഐ.പി.സി 353 വകുപ്പ് പ്രകാരം എം.പിക്ക് പുറമേ മറ്റു രണ്ട് നേതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

അതേ സമയം എം.പിക്കെതിരായ കേസ് 24 മണിക്കൂറിനകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഡിപ്പുവില്‍ കുര്‍നാടു ശക്തി കേന്ദ്ര പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. എം.പിക്കെതിരെയുള്ള കേസ് ഒഴിവാക്കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന ഭീഷണിയാണ് നേതാക്കള്‍ ഉന്നയിക്കുന്നത്.

സര്‍ക്കാറിന്റെ വിലക്ക് ലംഘിച്ച് പ്രതിഷേധ സമരം നടത്തിയ നേതാക്കളടക്കമുള്ള എണ്ണൂറോളം വരുന്ന ബി.ജെ.പി പ്രവര്‍ത്തകരെ പൊലിസ് സംഭവ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ക്കെതിരെ കേസെടുക്കരുതെന്നാവശ്യപ്പെട്ടെത്തിയ നളിന്‍ കുമാര്‍ കട്ടീല്‍ പൊലിസ് ഇന്‍സ്‌പെക്ടറെ ഭീഷണിപ്പെടുത്തുകയും, ഇന്‍സ്‌പെക്ടറുടെ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച ശേഷം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്താല്‍ ബന്ദ് നടത്തുമെന്ന് ഭീഷിണി മുഴക്കുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്നാണ് സംഭവ ദിവസം മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പ, നാലില്‍ കുമാര്‍ കട്ടീല്‍ തുടങ്ങിയ പത്തോളം പ്രമുഖ നേതാക്കളെ പൊലിസ് കരുതല്‍ തടങ്കലില്‍ വച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *