ഭർത്താവ് ഭാര്യയെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കുന്നത് കുറ്റകരമല്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

ഭർത്താവ് ഭാര്യയെ സമ്മതമില്ലാതെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കുന്നത് കുറ്റകരമായി കണക്കാക്കാൻ സാധിക്കില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി വിധി. ഭാര്യയുടെ സമ്മതം വേണമെന്നത് അപ്രധാനമാണെന്നും ജസ്റ്റിസ് നരേന്ദ്ര കുമാർ വ്യാസിന്റെ സിംഗിൾ ബെഞ്ച് നിരീക്ഷിക്കുകയുണ്ടായി. ഭർത്താവ് ബലപ്രയോഗത്തിലൂടെയുള്ള പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിനെ തുടർന്ന് ഭാര്യ കൊല്ലപ്പെട്ട കേസിലെ വിധിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ ഭർതൃ ബലാത്സംഗ കേസുകളിൽ വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുള്ള ഈ വിധി ന്യായം വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്.

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും നരഹത്യയ്ക്കും കുറ്റാരോപിതനായ പ്രതിക്ക് വിചാരണക്കോടതി നൽകിയ ശിക്ഷയും ഹൈക്കോടതി റദ്ദ് ചെയ്തു. ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട യുവതിയുടെ കുടലിനും മലദ്വാരത്തിനും വരെ പരിക്കേറ്റിരുന്നു. 2017 ഡിസംബർ 11നായിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവ് ബലപ്രയോഗത്തിലൂടെ സമ്മതമില്ലാതെയാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതെന്ന് യുവതി മരണമൊഴി നൽകിയിരുന്നു.ബലാത്സംഗത്തിൽ യുവതിയുടെ കുടലിനും മലദ്വാരത്തിനും വരെ പരിക്കേറ്റിരുന്നുവെന്ന് ഡോക്ടറുടെ മൊഴിയുണ്ട്. കേസിൽ ഭാര്യക്ക് പ്രായം 15 വയസിൽ താഴെയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഭർത്താവ് ഭാര്യയുമായി നടത്തുന്ന ലൈംഗികബന്ധം പ്രകൃതി വിരുദ്ധമാണെങ്കിലും ഭാര്യയുടെ സമ്മതമില്ലെങ്കിലും ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് ജസ്റ്റിസ് നരേന്ദ്രകുമാർ വ്യാസിന്റെ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.

സെക്ഷൻ 376-ഉം 377-ഉം പ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.ഭർതൃ ബലാത്സംഗങ്ങൾ ഇന്ത്യൻ നിയമപ്രകാരം കുറ്റകരമല്ല. ഈ വിധിയിലൂടെ ഭാര്യയെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കുന്നതും കുറ്റകരമല്ലാതാകും. ഭർതൃ ബലാത്സംഗങ്ങൾ കുറ്റകരമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള നിരവധി ഹർജികൾ നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഭർതൃ ബലാത്സംഗങ്ങൾ കുറ്റകരമായി പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നാണ് കേസിൽ കേന്ദ്ര സർക്കാരിന്റെ നിലപാട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *