
പോക്സോ അടക്കം ലൈംഗികാതിക്രമ കേസിലെ പ്രതിയായ ബിജെപി എംപി ബ്രിജ്ഭൂഷണെ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തില്‍ രാജ്യാന്തര പിന്തുണ തേടുമെന്ന് ഗുസ്തി താരങ്ങള്‍.
രാജ്യാന്തര കായിക സംഘടനകളെയും ഒളിംപിക് മെഡല്‍ ജേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെയും സമീപിക്കും. സമരത്തിനു ജനപിന്തുണ തേടി താരങ്ങള്‍ തിങ്കളാഴ്ച വൈകിട്ട് ഡല്‍ഹി കൊണാട്ട് പ്ലേസിലൂടെ കാല്‍നടയായി സഞ്ചരിച്ചു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും താരങ്ങള്‍ക്കൊപ്പം ചേര്‍ന്നു.

സമരവേദിയായ ജന്തര്‍ മന്തറില്‍ നിന്നാരംഭിച്ച കാല്‍നടയാത്രയില്‍ ബജ്‌രംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് തുടങ്ങിയ താരങ്ങളും ഇവര്‍ക്കു പിന്തുണയുമായെത്തിയ കര്‍ഷകരും അണിനിരന്നു. വിവിധ സംസ്ഥാനങ്ങളില്‍നിന്നു മിസ്ഡ് കോള്‍ മുഖേന പിന്തുണ അറിയിക്കാന്‍ മൊബൈല്‍ നമ്ബറും ക്രമീകരിച്ചിട്ടുണ്ട്.
ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് താരങ്ങള്‍ക്കു പിന്തുണയുമായി വീണ്ടും സമരവേദിയിലെത്തി. കഴിഞ്ഞ മാസം സമരം ആരംഭിച്ച ഘട്ടത്തിലും ഇദ്ദേഹം സമരത്തില്‍ ഭാഗമായിരുന്നു. ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായിരുന്ന ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ 21ന് അകം നടപടിയുണ്ടായില്ലെങ്കില്‍ സമരം അടുത്ത ഘട്ടത്തിലേക്കു പ്രവേശിക്കുമെന്നു താരങ്ങള്‍ വീണ്ടും മുന്നറിയിപ്പു നല്‍കി.
