തലസ്ഥാനത്ത് ബിജെപിയില്‍ പൊട്ടിത്തെറി. എം ജയകുമാര്‍ നേമം ഏരിയ പ്രസിഡന്റ് ചുമതല രാജിവെച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് രാജിയില്‍ കലാശിച്ചത്. കഴിഞ്ഞതവണ പൊന്നുമംഗലം വാര്‍ഡില്‍ നിന്ന് വിജയിച്ച എം ആര്‍ ഗോപനെ ഇത്തവണ നേമത്ത് പരിഗണിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് രാജി.
നഗരസഭാ തെരഞ്ഞെടുപ്പില്‍ നേമം വാര്‍ഡിലുള്ള ഒരാള്‍ തന്നെ മത്സരിക്കണമെന്ന പ്രവര്‍ത്തകരുടെ ആവശ്യം അറിയിച്ചിട്ടും യാതൊരുവിധ അറിയിപ്പും കിട്ടിയിട്ടില്ലെന്ന് ജയകുമാര്‍ ബിജെപി നേമം മണ്ഡലം പ്രസിഡന്റ് രാജേഷിനും ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനും അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കൊറോണ എന്ന മഹാവിപത്ത് ജനങ്ങള്‍ അനുഭവിച്ചപ്പോള്‍ 2015 ല്‍ നേമം വാര്‍ഡില്‍ നിന്ന് വിജയിച്ച ബിജെപി കൗണ്‍സിലര്‍ എം ആര്‍ ഗോപന്‍ നേമം വാര്‍ഡിനെ തിരിഞ്ഞുനോക്കാതെ 2020 നഗരസഭാ തെരഞ്ഞെടുപ്പില്‍ പൊന്നുമംഗലം വാര്‍ഡില്‍ കിറ്റ് കൊടുത്തു. നേമം വാര്‍ഡിലെ ജനങ്ങളെ തിരിഞ്ഞുനോക്കാത്തതിനാല്‍ അവര്‍ അനാഥരായി.
അവസാന ഒരു വര്‍ഷം വാര്‍ഡില്‍ കൗണ്‍സിലര്‍ ഇല്ലായിരുന്നു. ഇതോടെ ജനവികാരം പൂര്‍ണ്ണമായി ബിജെപിയ്ക്ക് എതിരായെന്നും കത്തില്‍ ആരോപിക്കുന്നു.2020 നഗരസഭാ തെരഞ്ഞെടുപ്പില്‍ യാതൊരാവശ്യവുമില്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇടപെടുകയും, നേമത്ത് പാര്‍ട്ടിയൊന്നുമില്ല തന്റെ കഴിവുകൊണ്ടാണ് വിജയിച്ചത് എന്ന് വാദിക്കുകയും ഇപ്പോഴത്തെ കൗണ്‍സിലറായ ദീപികയ്ക്ക് സീറ്റ് കൊടുക്കാന്‍ പാടില്ലെന്ന് വാദിച്ച് വാര്‍ഡില്‍ അരാജകത്വം സൃഷ്ടിക്കാനും നോക്കി.
ആര് നിന്നാലും തോല്‍ക്കും വലിയ മത്സരത്തിന്റെ ആവശ്യമില്ല എന്ന് പറയുകയും ദീപിക മത്സരിച്ചപ്പോള്‍ തോല്‍പ്പിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്തു. എന്നിട്ടും ദീപിക വിജയിച്ചുവെന്നും രാജിക്കത്തില്‍ ജയകുമാര്‍ വിമര്‍ശിച്ചു.












