ബാവിക്കര കുടിവെളള പദ്ധതി വീണ്ടും അവതാളത്തില്‍:ബദല്‍ നിര്‍ദ്ദേശം ചര്‍ച്ച ചെയ്തു

കാസര്‍കോട്: കാസര്‍കോട് നഗരത്തിനും സമീപ പഞ്ചായത്തുകള്‍ക്കും കുടിവെളളം ലഭ്യമാക്കാനുള്ള ബാവിക്കരയിലെ റെഗുലേറ്റര്‍ കംബ്രിഡ്ജ് നിര്‍മ്മാണ പ്രവര്‍ത്തനം അവതാളത്തിലായി. ഇതോടെ നിര്‍ദ്ദിഷ്ട റെഗുലേറ്റര്‍ നിര്‍മ്മിക്കുന്ന സ്ഥലത്തിനു മേലെയുളള മറ്റൊരു പ്രദേശത്ത് റെഗുലേറ്റര്‍ നിര്‍മ്മിക്കുന്ന കാര്യം ജില്ലാ വികസന സമിതി യോഗം ചര്‍ച്ച ചെയ്തു. ബാവിക്കരയില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നടപ്പ് വര്‍ഷം മേയ് മാസത്തില്‍ പൂര്‍ത്തീകരിക്കാനായിരുന്നു പദ്ധതിയിട്ടിയിരുന്നത്. എന്നാല്‍ പദ്ധതി പല സാങ്കേതിക കാരണങ്ങളാല്‍ അനിശ്ചിതത്വത്തിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ പദ്ധതിയുടെ നിലവിലുളള സ്ഥിയെക്കുറിച്ചു യോഗത്തില്‍ വിശദീകരിക്കാന്‍ ജില്ലയിലെ എം എല്‍എമാര്‍ ചെറുകിട ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറോട് ആവശ്യപ്പെടുകയായിരുന്നു. പദ്ധതിക്കായി രണ്ട് ഘട്ടങ്ങളിലായി 3.95 കോടി രൂപ ചെലവഴിച്ചു. നിലവിലുളള സ്ഥലത്ത് തന്നെ പദ്ധതി നടപ്പിലാക്കാന്‍ 11.30 കോടിയും അതിന്റെ 82 ശതമാനം അധിക തുകയും വേണ്ടി വരുമെന്ന് കണക്കാക്കിയിട്ടുളളത്. ഇതു സംബന്ധിച്ച സമഗ്രമായ പദ്ധതി സംസ്ഥാന ചീഫ് എഞ്ചിനീയര്‍ക്ക് രണ്ട് ദിവസത്തിനകം സമര്‍പ്പിക്കുമെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. തുക അനുവദിക്കുകയാണെങ്കില്‍ മഴക്കാലത്തിന് മുമ്പ് തന്നെ പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിലവിലുളള ബാവിക്കര പദ്ധതി പ്രദേശം പദ്ധതി നടപ്പാക്കാന്‍ അനുയോജ്യമല്ലെന്നുളള പരാമര്‍ശത്തെക്കുറിച്ചു യോഗത്തില്‍ എം എല്‍ എമാര്‍ ആരാഞ്ഞു. ഇത് സംബന്ധിച്ചു സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യോഗം എഞ്ചിനീയറോട് ആവശ്യപ്പെട്ടു. വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ കുടിവെളളത്തിനായി കുഴല്‍ കിണര്‍ നിര്‍മ്മിക്കാന്‍ നല്‍കിയ അനുവാദം റദ്ദ് ചെയ്യരുതെന്ന് യോഗം സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു. വരള്‍ച്ച സമയത്ത് കുഴല്‍ കിണര്‍ അനുവദിക്കുകയും മഴ വരുന്നതോടെ അത് റദ്ദാക്കുകയും ചെയ്യുന്നതോടെ അടുത്ത വര്‍ഷത്തെ വരള്‍ച്ചാ സമയത്ത് ഈ പ്രദേശങ്ങള്‍ വെളളമില്ലാതെ ദുരിതം അനുഭവിക്കേണ്ടി വരുന്നു. കഴിഞ്ഞ വര്‍ഷം വരള്‍ച്ചാ കാലത്ത് കാസര്‍കോട്, കാഞ്ഞങ്ങാട് അസംബ്ലി നിയോജക മണ്ഡലങ്ങളില്‍ അനുവദിച്ച 31 കുഴല്‍ കിണറുകളില്‍ ഒരെണ്ണം മാത്രമാണ് കുഴിച്ചത്. ബാക്കി 30 എണ്ണവും റദ്ദ് ചെയ്യുകയായിരുന്നു. കുമ്പള മുതല്‍ മഞ്ചേശ്വരം വരെ പൈപ്പ് ചോര്‍ച്ച, ടാങ്ക് കേടായി ഉപയോഗ ശൂനിയമായിട്ടുളള നിരവധി കുടിവെളള പദ്ധതികളുടെ പരാതി പരിഹരിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു. പോര്‍ട്ടുകളില്‍ നിന്നും ഡ്രഡ്ജിംഗ് ചെയ്‌തെടുക്കുന്ന പൂഴി ഇ-മണല്‍ സംവിധാനത്തിലൂടെ വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചു വരുന്നതായി അധികൃതര്‍ അറിയിച്ചു. ഹാര്‍ബര്‍ പുളിമുട്ട് നിര്‍മ്മാണത്തിനായി ഡ്രഡ്ജിംഗ് ചെയ്യുന്ന മണലും ഇത്തരത്തില്‍ വിതരണം ചെയ്യാനുളള നടപടി സ്വീകരിച്ചിട്ടുണ്ട്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ കര്‍ഷകര്‍ക്കുളള മണ്ണെണ്ണ വിതരണം പെര്‍മിറ്റ് വിതരണം ചെയ്തിട്ടുണ്ട്. പെര്‍മിറ്റുളള കര്‍ഷകര്‍ക്ക് ജനുവരിയിലെ മണ്ണെണ്ണ നല്‍കി വരുന്നുണ്ട്. ടാങ്കര്‍ ലോറികളുടെ സഞ്ചാരത്തിനും രാവിലെ എട്ടു മുതല്‍ 11 വരെയും വൈകീട്ട് മൂന്നു മണിമുതല്‍ അഞ്ച് മണിവരെയും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മീന്‍ കയറ്റി കൊണ്ടു പോകുന്ന വാഹനങ്ങള്‍ മീന്‍ വെളളം റോഡില്‍ ഒഴുക്കി വിടാതെ അത് കാസര്‍കോട് സി പി സി ആര്‍ ഐയിലും പടന്നക്കാട് കാര്‍ഷിക കോളേജ് കൃഷി തോട്ടങ്ങളിലും ശേഖരിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു. സീറോ ലാന്റ് ലസ് പദ്ധതി വഴി ഭൂരഹിതര്‍ക്ക് ഇടവഴികള്‍ക്കും പൊതു റോഡുകള്‍ക്കും നീക്കി വെച്ച സ്ഥലം പതിച്ചു നല്‍കിയിയെന്ന പരാതികള്‍ പരിഹരിച്ചിട്ടുണ്ട്. ഇത്തരം പരാതികള്‍ ഇനിയും ഉണ്ടെങ്കില്‍ അത് പരിഹരിക്കും. ജില്ലയില്‍ അന്യ ജില്ലക്കാര്‍ക്ക് സ്ഥലം പതിച്ചു നല്‍കുന്നതോടെ കാസര്‍കോടിന്റെ വികസന പദ്ധതികള്‍ക്ക് വരും വര്‍ഷങ്ങളില്‍ ഭൂമി ലഭിക്കാത്ത സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി ജില്ലയിലുളളവര്‍ക്ക് മാത്രമായി ഇപ്പോള്‍ സ്ഥലം നല്‍കുന്നത് പരിമിതപ്പെടുത്തണമെന്ന് യോഗത്തില്‍ എം എല്‍ എമാര്‍ നിര്‍ദ്ദേശിച്ചു. അനുവദിക്കുന്ന സ്ഥലം അടുത്ത 25 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യുന്നതല്ലെന്ന ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് സീറോ ലാന്റ് ലസ് പദ്ധതിയില്‍ ഭൂമി അനുവദിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ജില്ലയിലെ പുഴയോരങ്ങളില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിക്കുന്ന റിസോര്‍ട്ട് നിര്‍മ്മാണം തടയണമെന്ന് യോഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചിത്താരി കടവ് കടലാക്രമണം തടയാന്‍ കടല്‍ഭിത്തി നിര്‍മ്മിക്കണമെന്നും നിര്‍ദ്ദേശമുണ്ടായി. ജില്ലയില്‍ 170 കന്നുകാലികള്‍ക്ക് കുളമ്പ് രോഗം ബാധിച്ചതായും എട്ടു പശുക്കളും ഒരു കന്നുകുട്ടിയും ഒരു കിടാരിയും ചത്തു പോയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. നഷ്ട പരിഹാരമായി 1.79 ലക്ഷം രൂപാ നല്‍കിയിട്ടുണ്ട്. രോഗം ബാധിച്ച 9 പഞ്ചായത്തുകളില്‍ 370 ചാക്ക് കാലിത്തീറ്റയും വിതരണം ചെയ്തിട്ടുണ്ട്. സ്‌ക്കൂള്‍ പരിസരങ്ങളില്‍ കഞ്ചാവ് വില്‍പന തടയുന്നതിനു എക്‌സൈസ് അധികൃതര്‍ കര്‍ശന നടപടി എടുക്കണം. മലയാളം എച്ച് എസ് എ അധ്യാപക ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയയ്#ാന്‍ നടപടി എടുത്തതായി അധികൃതര്‍ അറിയിച്ചു. പനത്തടി പ്രാന്തര്‍കാവ് ജി യു പി സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെയുളള പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായി ഹിയറിംഗ് നടത്താന്‍ തീരുമാനിച്ചതായി ഡി ഡി ഇ അറിയിച്ചു. മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിനു സമീപം കെ എസ് ആര്‍ ടി സി സ്റ്റോപ്പ് അനുവദിക്കാന്‍ നടപടി എടുക്കാന്‍ നിര്‍ദ്ദേശം നല്‍കി.
മാടക്കാലില്‍ യാത്രാ സൗകര്യത്തിനായി 25 മുതല്‍ 30 വരെ യാത്രക്കാര്‍ സഞ്ചരിക്കുന്ന ബോട്ടും മോട്ടോറും വാങ്ങി നല്‍കാന്‍ കെല്‍ തീരുമാനിച്ച വിവരം അധികൃതര്‍ യോഗത്തെ അറിയിച്ചു. വിജിലന്‍സ് അന്വേഷണം പൂര്‍ത്തീകരിച്ചാല്‍ മാടക്കാലില്‍ തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കി പുതിയ പാലം നിര്‍മ്മിക്കാന്‍ കഴിയും. കല്ലടുക്ക-ചെര്‍ക്കള റോഡില്‍ പെര്‍ള ടൗണ്‍ ഒഴികെയുളള പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു ടൗണ്‍ ഭാഗത്തെ പ്രവൃത്തിയുടെ ടെണ്ടര്‍ നടപടി പുരോഗമിക്കുന്നു. കാഞ്ഞങ്ങാട്ടു നിന്നും പനത്തടി വരെയുളള റോഡ് പ്രവൃത്തി പൂര്‍ത്തിയായി. പനത്തടി മതല്‍ പാണത്തൂര്‍ വരെയുളള റോഡ് പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. പൊയിനാച്ചി, ബന്തഡുക്ക, ചട്ടഞ്ചാല്‍, ദേളി, കോളിയടുക്കം, പെരുമ്പളക്കടവ്, ബോവിക്കാനം, കാനത്തൂര്‍ എന്നീ റോഡുകളുടെ ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചു വരുന്നു. കാനത്തൂര്‍ മുതല്‍ വട്ടംന്തട്ട വരെയുളള റോഡ് നിര്‍മ്മാണത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കും. തെക്കില്‍ ഭാഗത്ത് റോഡ് വശങ്ങളിലെ കാട് വെട്ടിനീക്കാന്‍ നടപടി എടുക്കും. ഷിറിയ പുഴയിലെ തടയണകളിലും ഒഴുക്ക് കുറഞ്ഞ ഭാഗങ്ങളിലും അടിഞ്ഞു കൂടിയ മണല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയതാണെങ്കില്‍ മണല്‍ എടുക്കുന്നതിന് നടപടി കൈക്കൊളളും. വെളളരിക്കുണ്ടില്‍ റസ്റ്റ് ഹൗസ് പണിയുന്നതിനുളള ഭൂമി സര്‍ക്കാറിലേക്ക് വിട്ടു കിട്ടുന്നതിനായി നടപടി സ്വീകരിച്ചു വരുന്നു. വെളളപ്പൊക്ക ദുരിതാശ്വാസമായി ജില്ലയ്ക്ക് 1.5 കോടി രൂപാ അനുവദിച്ചു കിട്ടിയതായി എ ഡി എം അറിയിച്ചു. 2.35 കോടിയായിരുന്നു ആവശ്യപ്പെട്ടത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുള്‍ റസാഖ്, ഇ ചന്ദ്രശേഖരന്‍, കെ കുഞ്ഞിരാമന്‍ , ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ അജയകുമാര്‍ മീനോത്ത്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *