മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായിരുന്ന അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ വിമാനാപകടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് സുനേത്ര പവാര്‍. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കണ്ടാണ് അജിത് പവാറിന്റെ ഭാര്യയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാര്‍ ഈ ആവശ്യം ഉന്നയിച്ചത്. ബാരാമതി വിമാനാപകടത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മുമ്പ് അനന്തരവന്‍ രോഹിത് പവാര്‍ ആരോപിച്ചിരുന്നു.
സിബിഐ അന്വേഷിക്കണമെന്ന ആവശ്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ് ഉറപ്പു നല്‍കിയതായി എന്‍സിപി മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷന്‍ സുനില്‍ തത്കരെ പറഞ്ഞു. അപകടത്തെപ്പറ്റി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സ്വതന്ത്ര അന്വേഷണം പുരോഗമിക്കുകയാണ്. സിബിഐ അന്വേഷണത്തിന് കേന്ദ്രത്തിന് ഉടന്‍ ഉത്തരവ് നല്‍കിയേക്കുമെന്നും തത്കരെ പറഞ്ഞു.

അപകടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണമാകും കൂടുതല്‍ സമഗ്രമായിരിക്കുകയെന്നാണ് ഞങ്ങള്‍ കരുതുന്നതെന്നും തത്കരെ പറഞ്ഞു. മൂത്ത മകന്‍ പാര്‍ത്ഥ് പവാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം എത്തിയാണ് സുനേത്ര പവാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് മുഖ്യമന്ത്രിക്ക് ദേവേന്ദ്ര ഫഡ്‌നാവിസിന് കൈമാറിയത്.













