ബാഡ്‌മിന്റണ്‍ സുദിര്‍മാന്‍ കപ്പ്‌:ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം

ലോക ബാഡ്മിന്റണ്‍ മിക്സഡ് ടീം ചാമ്ബ്യന്‍ഷിപ്പായ സുദിര്‍മാന്‍ കപ്പില്‍ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം.ചൈനീസ് തായ്പേയിക്കെതിരായ മത്സരത്തില്‍ അഞ്ചില്‍ നാലു കളിയും തോറ്റു. വനിതാ ഡബിള്‍സില്‍ മലയാളിതാരം ട്രീസ ജോളി–-ഗായത്രി ഗോപിചന്ദ് സഖ്യമാണ് ആശ്വാസജയം നേടിയത്.

സിംഗിള്‍സില്‍ മലയാളിതാരം എച്ച്‌ എസ് പ്രണോയിയും പി വി സിന്ധുവും തോറ്റു. ചൈനയുടെ ലോക അഞ്ചാംനമ്ബര്‍ താരം ചോ ടിന്‍ ചെന്‍ 21–-19, 21–-15ന് പ്രണോയിയെ തോല്‍പ്പിച്ചു. ലോക 12–-ാം റാങ്കുകാരിയായ സിന്ധു ഒപ്പത്തിനൊപ്പം പൊരുതിയാണ് കീഴടങ്ങിയത്. എതിരാളി ലോക മൂന്നാംനമ്ബര്‍ താരം തായ് ടിസു യിങ് ആദ്യസെറ്റ് 21–-14ന് ജയിച്ചശേഷം അടുത്തത് സിന്ധു 21–-18ന് നേടി. നിര്‍ണായകമായ മൂന്നാംസെറ്റില്‍ തായ് ടിസു 21–-17ന് ജയിച്ചുകയറി. തുടര്‍ച്ചയായി എട്ടാംതവണയാണ് സിന്ധു ഈ കളിക്കാരിയോട് തോല്‍ക്കുന്നത്.

മിക്സഡ് ഡബിള്‍സില്‍ സായ് പ്രതീക്–-താനിഷ ക്രാസ്റ്റോ സഖ്യയും പുരുഷ ഡബിള്‍സില്‍ സാത്വിക് സായ്രാജ്–-ചിരാഗ് ഷെട്ടി സഖ്യവും പരാജയപ്പെട്ടു. നാലു കളി തോറ്റശേഷമാണ് ട്രീസ ജോളിയും ഗായത്രിയും മാനം കാത്തത്. ആദ്യസെറ്റ് 15–-21ന് കൈവിട്ടശേഷമാണ് തിരിച്ചുവന്നത്.
ഇന്ത്യ ഉള്‍പ്പെട്ട ‘സി’ ഗ്രൂപ്പില്‍ മലേഷ്യ ഓസ്ട്രേലിയയെ അഞ്ചു കളിയിലും തോല്‍പ്പിച്ചു. ഇന്ത്യക്ക് ഇന്ന് മലേഷ്യയാണ് എതിരാളി. 17ന് ഓസ്ട്രേലിയ. നാലു ടീമുള്ള ഗ്രൂപ്പില്‍ രണ്ട് സ്ഥാനക്കാര്‍ക്കാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ സാധിക്കുക. അതിനാല്‍ ഇന്നത്തെ കളി ഇന്ത്യക്ക് നിര്‍ണായകമാണ്.

സുദിര്‍മാന്‍ കപ്പ് ചൈനയുടെ കുത്തകയാണ്. 17 തവണ ചാമ്ബ്യന്‍ഷിപ് നടന്നതില്‍ 12 തവണയും ചൈന ജേതാക്കളായി. അവസാന രണ്ടു ചാമ്ബ്യന്‍ഷിപ്പും ചൈനയാണ് ജയിച്ചത്. ദക്ഷിണകൊറിയ നാലുതവണ ജേതാക്കളായിട്ടുണ്ട്. ആദ്യ ചാമ്ബ്യന്‍ഷിപ് 1989ല്‍ ഇന്തോനേഷ്യ ജയിച്ചു. 2011ലും 2017ലും ക്വാര്‍ട്ടറിലെത്തിയതാണ് ഇന്ത്യയുടെ മികച്ച പ്രകടനം. കഴിഞ്ഞതവണ ചൈനയോടും തായ്ലന്‍ഡിനോടും ഗ്രൂപ്പില്‍ തോറ്റ് പുറത്തായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *