ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂർണമെന്റില്‍ തകർപ്പൻ കുതിപ്പ് തുടർന്ന് ലോക ഒന്നാം നമ്പർ താരം അരീന സബലങ്ക ക്വാർട്ടർ ഫൈനലില്‍ പ്രവേശിച്ചു.തിങ്കളാഴ്ച രാത്രി കോർട്ട് ഫിലിപ്പ് ചാട്രിയറില്‍ നടന്ന ആവേശകരമായ പ്രീക്വാർട്ടർ പോരാട്ടത്തില്‍ മുൻ ലോക ഒന്നാം നമ്പർ താരം നൊവോമി ഒസാക്കയെയാണ് സബലങ്ക പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ബെലാറൂസ് താരത്തിന്റെ വിജയം.
സ്കോർ: 7-5, 6-3. ഈ വിജയത്തോടെ ഗ്രാൻഡ്‌സ്ലാം ടൂർണമെന്റുകളില്‍ തുടർച്ചയായി 14-ാം തവണയും ക്വാർട്ടർ ഫൈനലില്‍ പ്രവേശിക്കുക എന്ന അപൂർവ്വ നേട്ടവും സബലങ്ക സ്വന്തമാക്കി. നിലവില്‍ പുരുഷ-വനിതാ സിംഗിള്‍സ് ഇനങ്ങളില്‍ അവശേഷിക്കുന്ന ഏക മുൻ ഗ്രാൻഡ്‌സ്ലാം ചാമ്പ്യൻ കൂടിയാണ് സബലങ്ക.ശക്തമായ സർവ്വീസുകളിലൂടെയും നിർണ്ണായക ഘട്ടങ്ങളിലെ ബ്രേക്കുകളിലൂടെയും സബലങ്ക മത്സരത്തില്‍ കൃത്യമായ നിയന്ത്രണം പുലർത്തി.
കടുത്ത പോരാട്ടം കണ്ട ആദ്യ സെറ്റിലെ 11-ാം ഗെയിമില്‍ ഒസാക്കയുടെ സർവ്വീസ് ബ്രേക്ക് ചെയ്തതാണ് സബലങ്കയ്ക്ക് തുണയായത്. രണ്ടാം സെറ്റിലെ അവസാന നാല് ഗെയിമുകളും തുടർച്ചയായി സ്വന്തമാക്കിയാണ് താരം മത്സരം അവസാനിപ്പിച്ചത്. പാരീസില്‍ തന്റെ കന്നി കിരീടമാണ് സബലങ്ക ഇത്തവണ ലക്ഷ്യമിടുന്നത്.