ഫിഫ ലോകകപ്പ് ഉള്‍പ്പടെയുള്ള വലിയ കായികമാമാങ്കങ്ങള്‍ക്ക് 2026 സാക്ഷ്യം വഹിക്കും.
ക്രിക്കറ്റ് പ്രേമികളില്‍ ആവേശം വിതച്ച് ടി20 ലോകകപ്പ് ഈ വർഷം നടക്കുന്നുണ്ട്. ഫുട്ബോള്‍ ലോകകപ്പും ക്രിക്കറ്റ് ലോകകപ്പും മാത്രമല്ല, ഏഷ്യൻ ഗെയിംസും, ഹോക്കി ലോകകപ്പും ചെസില്‍ ഫിഡെ ക്യാൻഡിഡേറ്റ്സ് ടൂർണമെന്‍റുമൊക്കെ ഈ വർഷം നടക്കുന്നുണ്ട്.

ഈ വർഷത്തെ പ്രധാന കായിക മാമാങ്കങ്ങള്‍
1. ഐസിസി പുരുഷ അണ്ടർ 19 ലോകകപ്പ് 2026 (ജനുവരി 15 – ഫെബ്രുവരി 6)സിംബാബ്വെയിലാണ് ചാംപ്യൻഷിപ്പ്. വൈഭവ് സൂര്യവംശിയുടെ സാന്നിദ്ധ്യം ഇന്ത്യയെ ശ്രദ്ധേയമാക്കുന്നു. ആയുഷ് മാത്രെയാണ് ഇന്ത്യയുടെ ക്യാപ്റ്റൻ.
2. മിലാനോ കോർട്ടിന വിന്റർ ഒളിമ്ബിക്സ് 2026 (ഫെബ്രുവരി 6 – ഫെബ്രുവരി 22)ലോകത്തിലെ ഏറ്റവും മികച്ച മള്‍ട്ടി-സ്പോർട്സ് ഇവന്റുകളിലൊന്നായ വിന്റർ ഒളിമ്ബിക്സ് ഇറ്റലിയിലെ മിലാനിലും കോർട്ടിന ഡി ആംപെസ്സോയിലും നടക്കും. ഇതിനുശേഷം, മാർച്ച് 6 മുതല്‍ 15 വരെ ഒരേ വേദികളില്‍ വിന്റർ പാരാലിമ്ബിക്സ് നടക്കും.
3. ഐസിസി പുരുഷ ടി20 ലോകകപ്പ് 2026 (ഫെബ്രുവരി 7 – മാർച്ച് 8)ശ്രീലങ്കയും ഇന്ത്യയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിന് ഫെബ്രുവരി ഏഴിന് തുടക്കമാകും. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള നിലവിലെ ചാമ്ബ്യന്മാരായ ഇന്ത്യ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീം എന്ന ചരിത്രനേട്ടമാണ് ലക്ഷ്യമിടുന്നത്.
4. FIDE കാൻഡിഡേറ്റ്സ് ടൂർണമെന്റുകള്‍ 2026 (മാർച്ച് 28 – ഏപ്രില്‍ 16)മാർച്ച് 28 മുതല്‍ ഏപ്രില്‍ 16 വരെ സൈപ്രസിലെ പാഫോസില്‍ നടക്കുന്ന FIDE കാൻഡിഡേറ്റ്സ് ടൂർണമെന്റുകളിലൂടെ മാർച്ചില്‍ ചെസ്സ് ശ്രദ്ധാകേന്ദ്രമാകും. ലോക ചെസ് ഭൂപടത്തില്‍ കൂടുതല്‍ ഇന്ത്യൻ പ്രതിഭകള്‍ ശ്രദ്ധേയ സാന്നിദ്ധ്യമാകുന്നുവെന്നതാണ് ഇത്തണവത്തെ പ്രത്യേകതയായി മാറുന്നത്.
5. FIFA പുരുഷ ലോകകപ്പ് 2026 (ജൂണ്‍ 11 – ജൂലൈ 19)ഈ വർഷത്തെ ഏറ്റവും വലിയ കായിക മാമാങ്കം തീർച്ചയായും ഫിഫ ലോകകപ്പ് ആയിരിക്കും. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്‍റില്‍ മെസിയുടെ അർജന്‍റീന കിരീടം നിലനിർത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ചരിത്രത്തില്‍ ആദ്യമായി 48 ടീമുകള്‍ മാറ്റുരയ്ക്കുന്ന ഫിഫ ലോകകപ്പ് ടീമുകളുടെ പങ്കാളിത്ത വർദ്ധനകൊണ്ടാണ് ശ്രദ്ധേയമാകുക. മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മർ (തിരഞ്ഞെടുക്കപ്പെട്ടാല്‍) തുടങ്ങിയ സൂപ്പർതാരങ്ങള്‍ അവരുടെ അവസാന ലോകകപ്പായിരിക്കും ഇത്തവണ കളിക്കുക. ലാമിൻ യമാലിനെ പോലെയുള്ള പുതുനിരയുടെ അരങ്ങേറ്റവും ഇത്തവണത്തെ ലോകകപ്പിന്‍റെ പ്രത്യേകതയാകും.
6. ഐസിസി വനിതാ ടി20 ലോകകപ്പ് 2026 (ജൂണ്‍ 12 – ജൂലൈ 5)ഇംഗ്ലണ്ടിലും വെയില്‍സിലും നടക്കുന്ന ടി20 ലോകകപ്പില്‍ കിരീടം ലക്ഷ്യമിട്ടാകും ഇന്ത്യ ഇറങ്ങുക. ഏകദിന ലോകകപ്പ് നേടിയ ആവേശത്തിലാണ് ഇന്ത്യൻ വനിതകള്‍. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് തുടങ്ങിയ ടീമുകള്‍ കിരീടപോരാട്ടത്തിനായി മുൻനിരയിലുണ്ടാകും.
7. പുരുഷ എഫ്‌ഐഎച്ച് ഹോക്കി ലോകകപ്പ് 2026 (ഓഗസ്റ്റ് 14 – ഓഗസ്റ്റ് 30)ബെല്‍ജിയത്തിലെ വാവ്രെയിലും നെതർലൻഡ്‌സിലെ ആംസ്റ്റല്‍വീനിലുമായാണ് ഹോക്കി ലോകകപ്പ് അരങ്ങേറുക. പതിനാറാമത് ലോകകപ്പില്‍ ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് കളത്തില്‍ ഇറങ്ങുന്നത്. കരുത്തരായ ഓസ്ട്രേലിയ, നെതർലൻഡ്സ്, ബെല്‍ജിയം തുടങ്ങിയ ടീമുകളും രംഗത്തുണ്ട്.
8. ലോക അത്‌ലറ്റിക്സ് അള്‍ട്ടിമേറ്റ് ചാമ്ബ്യൻഷിപ്പ് (സെപ്റ്റംബർ 11 – സെപ്റ്റംബർ 13)അത്ലറ്റിക്സില്‍ ഈ വർഷം നടക്കുന്ന സുപ്രധാന ചാംപ്യൻഷിപ്പാണിത്. ഇന്ത്യയുടെ ഒളിമ്ബിക് സ്വർണ്ണ മെഡല്‍ ജേതാവും ലോക ചാമ്ബ്യനുമായ നീരജ് ചോപ്ര പുരുഷ ജാവലിനില്‍ മാറ്റുരയ്ക്കും. സ്പ്രിന്റർ നോഹ ലൈല്‍സ്, പോള്‍വാള്‍ട്ടർ അർമാൻഡ് ഡുപ്ലാന്റിസ് എന്നിവരും മൈതാനത്ത് ഇറങ്ങും.
9. ഏഷ്യൻ ഗെയിംസ് 2026 (സെപ്റ്റംബർ 19 – ഒക്ടോബർ 4)ജപ്പാനിലെ ഐച്ചിയിലും നഗോയയിലുമാണ് 2026 ഏഷ്യൻ ഗെയിംസ് നടക്കുക. 2022-ല്‍ ഇന്ത്യ 107 മെഡലുകള്‍ നേടി നാലാം സ്ഥാനത്ത് എത്തി മികച്ച പ്രകടനം നടത്തിയിരുന്നു. ഇത് തുടരുകയാകും ഇന്ത്യൻ സംഘം ലക്ഷ്യമിടുക.മുകളില്‍ പറഞ്ഞ കായികമാമാങ്കങ്ങള്‍ക്ക് പുറമെ 2026-ല്‍ ഐപിഎല്‍, വിവിധ ക്രിക്കറ്റ് പര്യടനങ്ങള്‍, യുവേഫ ചാമ്ബ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, ലാ ലിഗ, ഓസ്‌ട്രേലിയൻ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ തുടങ്ങിയ ടെന്നീസ് ഗ്രാൻഡ് സ്ലാമുകള്‍ പതിവുപോലെ ഈ വർഷം കായികവിരുന്നൊരുക്കും.













