പ്രസിഡന്റ് പദവി നഷ്ടമാകുമെന്നുറപ്പായി; എ കെ ആന്റണിയെ സന്ദര്‍ശിച്ച് കെ സുധാകരന്‍

കെ പി സി സി പ്രസിഡന്റ് പദവിയില്‍ നിന്ന് തന്നെ മാറ്റാന്‍ കഴിയില്ലെന്ന് കെ സുധാകരനുയര്‍ത്തിയ വെല്ലുവിളിക്കിടയിലും ഡല്‍ഹിയില്‍ തിരക്കിട്ട നീക്കം നടക്കുന്നതിനിടെ സുധാകരന്‍ മുതിര്‍ന്ന നേതാവ് എ കെ ആന്റണിയെ സന്ദര്‍ശിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പു വരെ തന്നെ തുടരാന്‍ അനുവദിക്കണമെന്നും ഇക്കാര്യത്തില്‍ സോണിയാഗാന്ധിക്കുമുമ്പില്‍ ഇടപെടണമെന്നുമുള്ള അഭ്യര്‍ഥനയുമായാണ് സുധാകരന്റെ സന്ദര്‍ശനം എന്നാണ് സൂചന. എന്നാല്‍ സാധാരണ സന്ദര്‍ശനം എന്നാണ് സുധാകരന്‍ പ്രതികരിച്ചത്.

സ്ഥാനമൊഴിയില്ലെന്നും തന്നെ മാറ്റിയാല്‍ പ്രത്യാഘാതമുണ്ടാകുമെന്നും സുധാകരന്‍ നിലപാട് സ്വീകരിച്ചെങ്കിലും പുതിയ കെ പി സി സി അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ തിരക്കിട്ട നീക്കമാണ് എ ഐ സി സി ആസ്ഥാനത്തു നടക്കുന്നത്. ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള ഒരാളെ പുതിയ കെ പി സി സി അധ്യക്ഷനാക്കാനുള്ള നീക്കമാണ് ശക്തമായി നടക്കുന്നത്. കോണ്‍ഗ്രസ്സിന്റെ എക്കാലത്തേയും ശക്തി സ്രോതസ്സായിരുന്ന ക്രൈസ്തവര്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നസാഹചര്യത്തിലാണ് ക്രൈസ്തവ പ്രസിഡന്റ് എന്ന ആശയത്തില്‍ കേന്ദ്ര നേതൃത്വം എത്തിയത്.

കെ എം മാണിയുടെ പാര്‍ട്ടി യു ഡി എഫ് വിട്ട് എല്‍ ഡി എഫില്‍ ചേര്‍ന്നതോടെ യു ഡി എഫിനു പാരമ്പര്യമായി ലഭിച്ചിരുന്ന ക്രൈസ്തവ പിന്തുണ പൂര്‍ണമായി നഷ്ടമായെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു. ഏതെങ്കിലും ഒരു സമുദായത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന ആളായിരിക്കണം പ്രസിഡന്റ് എന്നു തന്നെയാണ് നേതൃത്വം കണക്കുകൂട്ടുന്നത്. നിലവിലെ പ്രസിഡന്റ് സുധാകരന് അങ്ങനെ ഒരു സമുദായ പിന്‍തുണയും അവകാശപ്പെടാന്‍ ഇല്ലാ എന്നതും തിരിച്ചടിയായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *