
താമരശ്ശേരിയില്‍ പ്രവാസി വ്യവസായി മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് കൊടുവള്ളി സ്വദേശി സാലി. സാലി വീട്ടിലെത്തി തങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ഷാഫി നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഷാഫിയുടെ ഇപ്പോഴത്തെ തിരോധാനവുമായി ബന്ധപ്പെട്ട് തനിക്ക് പങ്കില്ലെന്ന് സാലിയുടെ ശബ്ദ സന്ദേശത്തില്‍ പറയുന്നു.കേസില്‍ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്ന സാലി വിദേശത്ത് നിന്നാണ് സന്ദേശം പുറത്തുവിട്ടത്. ഷാഫിയുമായി പണമിടപാട് സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നുവെന്ന് സാലി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ തട്ടിക്കൊണ്ട് പോകലിന് താനുമായി ബന്ധമില്ല. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് താന്‍ ഷാഫിയുടെ വീട്ടില്‍ പോയിരുന്നെന്നും സാലി സന്ദേശത്തില്‍ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിക്കാണ് താമരശ്ശേരി സ്വദേശിയായ പ്രവാസി യുവാവ് ഷാഫിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. കേസുമായി ബന്ധപ്പെട്ട് ഒരു തെളിവും പൊലീസിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
സാലിയുടെ നേതൃത്വത്തില്‍ ഒരു സംഘം ഷാഫിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചിരുന്നു. ഷാഫി ഇക്കാര്യത്തില്‍ പൊലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. ഇയാളുടെ നേതൃത്വത്തിലുള്ള സംഘമാകാം ഷാഫിയെ തട്ടിക്കൊണ്ടുപോയത് എന്നുള്ളതായിരുന്നു പൊലീസിന്റെ അനുമാനം. ബന്ധുക്കളും അത്തരം സംസംശയം പ്രകടിപ്പിച്ചിരുന്നു.
