പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് മലേഷ്യയിലെത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് മലേഷ്യയിലെത്തും. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ ക്ഷണപ്രകാരമാണ് ഈ സന്ദർശനം.ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ‘പങ്കാളിത്തം’ കൂടുതല്‍ ശക്തമാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.


വ്യാപാരം, സാമ്പത്തികം, ഊർജം, വിദ്യാഭ്യാസം, നൂതന സാങ്കേതികവിദ്യകള്‍ എന്നീ മേഖലകളില്‍ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച്‌ ഇരു നേതാക്കളും ചർച്ച ചെയ്യും. 2023-24 വർഷത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം 20 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.ക്വാലാലംപുരില്‍ നടക്കുന്ന വലിയ സ്വീകരണ പരിപാടിയില്‍ പ്രധാനമന്ത്രി പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യും. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും ഈ ചടങ്ങില്‍ പങ്കുചേരും എന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നു.


ഞായറാഴ്ച നടക്കുന്ന ഉഭയകക്ഷി ചർച്ചകള്‍ക്ക് ശേഷം സുപ്രധാനമായ ധാരണാപത്രങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. ഏകദേശം പത്ത് വർഷത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദി മലേഷ്യ സന്ദർശിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്ത്യൻ പ്രവാസി സമൂഹങ്ങളില്‍ ഒന്നുള്ള മലേഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഈ സന്ദർശനം നിർണായകമാണ്.


Sharing is Caring