പ്രതിപക്ഷ നേതാവ് നയിക്കണമെന്ന് പറഞ്ഞു, അനുസരിച്ചു; തീരുമാനം മാറിയതിനെ കുറിച്ച് അദ്ദേഹം തന്നെ പറയട്ടേ: ദീപ്തി


deepthi

കൊച്ചി: മേയര്‍ തെരഞ്ഞെടുപ്പില്‍ പരിഭവം പ്രകടമാക്കി കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്. യുഡിഎഫും കോണ്‍ഗ്രസും ഏല്‍പ്പിച്ച ഉത്തരവാദിത്തം താന്‍ ചെയ്‌തെന്ന് ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട രണ്ട് മേയര്‍മാര്‍ക്കും പിന്തുണയും സഹായവും നല്‍കുമെന്ന് ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. നയിക്കണമെന്ന് നേതൃത്വം പറഞ്ഞുവെന്നും പിന്നീട് അതില്‍ മാറ്റമുണ്ടായത് എങ്ങനെയാണെന്ന് വിശദീകരിക്കേണ്ടത് മാറ്റിയ തീരുമാനമെടുത്ത ആളുകളാണെന്നും ദീപ്തി മേരി വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.


‘തീരുമാനത്തിന് ചുക്കാന്‍ പിടിച്ചവരാണ് അത് പറയേണ്ടത്. എനിക്ക് ഒന്നും പറയാനില്ല. കെപിസിസി സര്‍ക്കുലറില്‍ പറഞ്ഞിരുന്ന കാര്യങ്ങളില്‍ ചില അപാകതകള്‍ സംഭവിച്ചു. അത് പറയേണ്ടയിടത്ത് പറയും. അതില്‍ പ്രതിഷേധമില്ല. കൊച്ചി നഗരസഭയുടെ ഭരണം പിടിക്കുന്നതിന് നേതൃത്വം കൊടുത്ത പ്രധാനപ്പെട്ടയാള്‍ പ്രതിപക്ഷ നേതാവാണ്. അദ്ദേഹമാണ് ലീഡ് ചെയ്യണമെന്നുള്ള ഉത്തരവാദിത്തം എന്നെ ഏല്‍പ്പിച്ചത്. അദ്ദേഹം പറഞ്ഞത് അനുസരിച്ചാണ് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചത്. പക്ഷേ, തീരുമാനം മാറിയത് അദ്ദേഹം തന്നെ പറയട്ടേ’, ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.

online news portal

മേയര്‍ തെരഞ്ഞെടുപ്പില്‍ ഗൂഢാലോചന നടന്നോ എന്ന് അറിയില്ലെന്നും അതിന്റെ ആവശ്യവുമില്ലെന്നും ദീപ്തി പറഞ്ഞു. സ്വതന്ത്രമായ രീതിയില്‍ വോട്ട് രേഖപ്പെടുത്താനുള്ള അവസരം കൗണ്‍സിലര്‍മാര്‍ക്ക് നല്‍കണമായിരുന്നുവെന്നും ദീപ്തി കൂട്ടിച്ചേര്‍ത്തു. തന്റെ കൂടെ വളരെയധികം കൗണ്‍സിലര്‍മാര്‍ ഉണ്ടെന്നാണ് ആത്മവിശ്വാസം. തനിക്ക് പിന്തുണയില്ലെന്ന് പറയുന്നത് മാത്രമാണ് പരിഭവമെന്നും പദവി ലഭിക്കാതിരുന്നതില്‍ പരിഭവമില്ലെന്നും ദീപ്തി പറഞ്ഞു.

കെപിസിസി സര്‍ക്കുലര്‍ പ്രകാരം കെപിസിസിയില്‍ നിന്നുള്ള ഒരു നിരീക്ഷകന്‍ വന്ന് തെരഞ്ഞെടുപ്പ് നടത്തണം. രഹസ്യമായി വോട്ടെടുപ്പ് നടത്തണമെന്നുമുണ്ടെന്ന് ദീപ്തി കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡന്റ് ആ സര്‍ക്കുലര്‍ ശരിയായി വായിച്ചിട്ടുണ്ടാവില്ലെന്നും ദീപ്തി കുറ്റപ്പെടുത്തി. പല കൗണ്‍സിലര്‍മാര്‍ക്കും പല തരത്തിലുള്ള സമ്മര്‍ദം ഉണ്ടായിട്ടുണ്ടെങ്കില്‍ സ്വതന്ത്രമായി വോട്ട് വിനിയോഗിക്കാന്‍ സാധിച്ചിട്ടുണ്ടാവില്ലെന്നും ദീപ്തി പറഞ്ഞു.



Sharing is Caring