പേരാമ്പ്ര ഇരട്ടക്കൊലപാതകം: പ്രതിയെ റിമാന്‍ഡ് ചെയ്തു

പേരാമ്പ്ര: ഞാണിയത്ത് തെരുവില്‍ ദമ്പതിമാര്‍ വെട്ടേറ്റുമരിച്ച സംഭവത്തില്‍ പിടിയിലായ കൂനേരിക്കുന്നുമ്മല്‍ ചന്ദ്രനെ പയ്യോളി മുന്‍സിഫ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച ഉച്ചയോടെയാണ് പേരാമ്പ്ര സി ഐ യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. ഇയാളെ കൊയിലാണ്ടി സബ് ജയിലിലടച്ചു.


രാവിലെ ചന്ദ്രനെ ഇയാളുടെ ഞാണിയത്ത് തെരുവിലെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ വെട്ടാനുപയോഗിച്ച കൊടുവാളും സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. വീടിന്റെ പിറകുവശത്ത് കൂട്ടിയിട്ടിരുന്ന മരക്കഷ്ണങ്ങള്‍ക്കിടയില്‍നിന്നാണ് 41 സെന്റീമീറ്റര്‍ നീളമുള്ള കൊടുവാള്‍ കണ്ടെടുത്തത്. വീടിന്റെ ടെറസിനുമുകളില്‍ കഴുകിയിട്ട നിലയിലായിരുന്നു വസ്ത്രങ്ങള്‍. ഇവ ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.


ചന്ദ്രന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊലപാതകത്തിന് ഏതെങ്കിലും തരത്തില്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിച്ചുവരികയാണ്. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ കോടതിയില്‍ ആവശ്യപ്പെടുമെന്ന് പേരാമ്പ്ര സി ഐ കെ.കെ. ബിജു പറഞ്ഞു.

ഇക്കഴിഞ്ഞ പത്താം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേനോളി സ്വദേശികയാളായ ബാലന്‍, ശാന്ത എന്നിവരാണ് മരിച്ചത്.


Sharing is Caring