പൂരം കലക്കൽ വിവാദം ശക്തമാകുന്നതിനിടെ പൂരപ്പറമ്പിൽ ആംബുലൻസിലെത്തിയതിന് സുരേഷ് ഗോപിക്കെതിരെ പരാതി. ആംബുലൻസ് അനാവശ്യ കാര്യങ്ങൾക്ക് ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ കെ സന്തോഷ് കുമാറാണ് പരാതി നൽകിയിരിക്കുന്നത്.മറ്റ് വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലത്താണ് ആംബുലൻസിൽ സുരേഷ് ഗോപിയെത്തിയത്. ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി എസ് സുനിൽ കുമാർ രംഗത്തെത്തിയിരുന്നു.
ആർഎസ്എസ് ബന്ധമുള്ള വരാഹി ഏജൻസിയുടെ കോർഡിനേറ്റർ അഭിജിത് നായരാണ് സുരേഷ് ഗോപിയെ പൂരപ്പറമ്പിലെത്തിച്ചത്. പൂരപ്പറമ്പിലെ ഇടപെടൽ ആസൂത്രണം ചെയ്തത് വരാഹി അനലറ്റിക്സാണെന്നാണ് ഉയരുന്ന ആരോപണം.വരാഹിക്ക് വേണ്ടിയാണ് ആർഎസ്എസ് നേതാവ് ജയകുമാർ എം ആർ അജിത് കുമാറിനെ കണ്ടതെന്നും ആരോപണമുണ്ട്.
വരാഹി അനലിറ്റിക്സ് ബിജെപിയുടെ രാജ്യത്തെയാകെ തിരഞ്ഞെടുപ്പുകൾ നിയന്ത്രിക്കുന്ന സട്രാറ്റജിക്കൽ ഏജൻസിയാണ്. വരാഹിയുമായി അടുത്ത ബന്ധമുള്ള നേതാവാണ് ജയകുമാർ. ജയകുമാറാണ് എഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയത്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ജയകുമാർ തൃശൂരിലുണ്ടായിരുന്നു. വരാഹിയുടെ ആസൂത്രണമാണ് സുരേഷ് ഗോപിയെ തൃശൂരിലെത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ.