
ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യാഴാഴ്ച നടന്ന ഭീകരാക്രമണത്തിന് ഉപയോഗിച്ചത് സ്റ്റിക്കി ബോംബുകളും ചൈനീസ് സ്റ്റീൽ ബുള്ളറ്റുകളുമാണെന്ന് റിപ്പോർട്ട്.
ഫോറൻസിക് സംഘം സാമ്പിളുകൾ ശേഖരിച്ച് പരിശോധന ആരംഭിച്ചതായും വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം 12 പേരെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

വ്യാഴാഴ്ച, പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. സൈനികര്‍ സഞ്ചരിച്ച ട്രക്കിന് നേരെ ഇരുവശങ്ങളില്‍ നിന്നും ഭീകരര്‍ വെടിയുതിര്‍ത്തു എന്നാണ് എന്‍ഐഎ കണ്ടെത്തല്‍. 36 തവണ ഭീകരർ വെടിയുതിർത്തു. സ്റ്റീൽ ബുള്ളറ്റുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. കവചം തുളയ്ക്കാൻ ശേഷിയുള്ള ചൈനീസ് നിർമ്മിത 7.62 എംഎം സ്റ്റീൽ കോർ ബുള്ളറ്റുകൾ ആണിവ.
വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന സ്ഫോടനാത്മക ഉപകരണമായ ‘സ്റ്റിക്കി ബോംബുകൾ’ ആക്രമണത്തിന് ഉപയോഗിച്ചിട്ടുണ്ട്. ടൈമർ/റിമോട്ട് കൊണ്ട് സ്ഫോടനം നടത്താൻ കഴിയുന്നവയാണ് സ്റ്റിക്കി ബോംബുകൾ. ട്രക്കിന് സമീപത്തു നിന്ന് രണ്ട് ഗ്രനേഡ് പിന്നുകളും സൈന്യം കണ്ടെടുത്തി. മണ്ണെണ്ണ നീരാവിയും സംഭവസ്ഥലത്ത് അനുഭവപ്പെടുന്നുണ്ട്.
