പുതുചരിത്രമെഴുതാന്‍ വനിതാ മതില്‍

എസ് കുമാര്‍

കോഴിക്കോട്: നിരവധി പോരാട്ടങ്ങളിലൂടെ നാട് ആര്‍ജ്ജിച്ചെടുത്ത നേട്ടങ്ങളെ ഒന്നായി തകര്‍ത്തില്ലാതാക്കാന്‍ പിന്തിരിപ്പന്‍, വര്‍ഗ്ഗീയ ശക്തികള്‍ ശ്രമം നടത്തുന്ന കാലമാണിത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യരെ തമ്മില്‍ത്തല്ലിച്ച് അതില്‍ നിന്ന് നേട്ടം കൊയ്യാനും കാലങ്ങള്‍ക്ക് മുമ്പേ കേരളം തകര്‍ത്തെറിഞ്ഞ ദുരാചാരങ്ങളെ തിരിച്ചുകൊണ്ടുവരുവാനും ഇത്തരം ശക്തികള്‍ ശ്രമിക്കുന്നു. പലപ്പോഴും ഇവരുടെ ഇരകളാക്കപ്പെടുന്നത് സ്ത്രീകളാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ആര്‍ത്തവത്തിന്റെ ഉള്‍പ്പെടെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന ഇവര്‍ അത്തരം കാര്യങ്ങള്‍ക്ക് വേണ്ടി സ്ത്രീകളെ തന്നെ തെരുവിലിറക്കുന്നു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. വിശ്വാസത്തിന്റെ തുരുത്തില്‍ മുറുകെപ്പിടിച്ച പാവപ്പട്ടെ സ്ത്രീകള്‍ പലപ്പോഴും ഇത്തരം ശക്തികളുടെ പ്രചാരണത്തില്‍ അകപ്പെട്ടുപോകുന്നു.
ഈയൊരു അവസ്ഥയില്‍ സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനങ്ങളുടെ ശ്രമഫലമായി സമൂഹം നേടിയെടുത്ത നവോത്ഥാന നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള വനിതകളുടെ ശക്തമായ ആഹ്വാനമാകാന്‍ ഒരുങ്ങുകയാണ് വനിതാ മതില്‍. കേരളം ഇന്നുവരെ കൈവരിച്ച സാമൂഹ്യ പരിഷ്‌ക്കരണ നേട്ടങ്ങളും നവോത്ഥാന മൂല്യങ്ങളും സംരക്ഷിക്കുന്നതിനും സ്ത്രീ പുരുഷ സമത്വം ഉറപ്പുവരുത്തുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പുതുവത്സര ദിനത്തില്‍ കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന വനിതാ മതില്‍ ചരിത്ര വിജയമാക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ച് അണിനിരക്കുന്ന കാഴ്ചയാണ് സംസ്ഥാനത്ത് ഇന്ന് കാണാനാകുന്നത്.
ജില്ലയില്‍ നിന്ന് മൂന്നു ലക്ഷം വനിതകളെ അണിനിരത്താനാണ് തീരുമാനം. മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളും ജില്ലയിലെ എം.പി, എം.എല്‍.എമാര്‍ കോഴിക്കോട് മേയര്‍ എന്നിവര്‍ രക്ഷാധികാരികളും ജില്ലാ കളക്ടര്‍ കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജോയിന്റ് കണ്‍വീനറുമായ ജില്ലാതല സംഘാടക സമിതിയും എല്ലാ ഗ്രാമ പഞ്ചായത്തുകളിലും സെക്രട്ടറി കണ്‍വീനറും സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ജോയിന്റ് കണ്‍വീനറും ആശാ വര്‍ക്കര്‍ ഐ സി ഡി എസ് സൂപ്പര്‍വൈസര്‍, മെഡിക്കല്‍ ഓഫീസര്‍, സന്നദ്ധ സാമുദായിക സംഘടന പ്രതിനിധികള്‍ അംഗങ്ങളുമായ പ്രാദേശിക സംഘാടക സമിതികളും വനിതാമതിലിന്റെ സംഘാടക ചുമതല വഹിക്കുന്നുണ്ട്. കുടുംബശ്രീ യൂനിറ്റ് തലത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി വനിതാ മതിലിന്റെ സന്ദേശമെത്തിച്ചു.
ഡിസംബര്‍ 28, 29, 30 തീയതികളില്‍ ജില്ലയില്‍ ഉടനീളം വിളംബര ജാഥകള്‍ നടത്തും. ബാനറുകള്‍ക്കു പുറമേ വനിതാ മതിലിന്റെ സന്ദേശവുമായി പ്രാദേശിക തലത്തില്‍ പുല്‍ക്കുടിലുകള്‍ നിര്‍മിക്കും. പഞ്ചായത്തുകള്‍ തോറും സംഘടിപ്പിക്കുന്ന നവോത്ഥാന സംഗമത്തിന്റെ ഭാഗമായി 24, 25 തീയതികളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ചേമഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി സാംസ്‌കാരിക പ്രഭാഷണം പുരാരേഖ പ്രദര്‍ശനം എന്നിവ നടത്തും.
മതിലിന്റെ വിജയത്തിനായി കുടുംബശ്രീ പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്. മതിലില്‍ രണ്ടര ലക്ഷം കുടുംബശ്രീ പ്രവര്‍ത്തകരെ അണിനിരത്തുമെന്നാണ് കുടുംബശ്രീ ഭാരവാഹികള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.ദേശീയപാതയില്‍ കോഴിക്കോട് ജില്ലയുടെ വടക്കന്‍ അതിര്‍ത്തിയായ അഴിയൂര്‍ മുതല്‍ തെക്കേ അതിര്‍ത്തിയായ ഇടിമുഴിക്കല്‍ വരെയുള്ള 74 കിലോമീറ്റര്‍ ദൂരത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ സി ഡി എസുകളുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങങളിലായി കുടുംബശ്രീ പ്രവര്‍ത്തകര്‍ അണി നിരക്കും. ലോകശ്രദ്ധയാകര്‍ഷിക്കുന്ന ക്യാമ്പയിനില്‍ രണ്ടര ലക്ഷം കുടുംബശ്രീ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനുള്ള ഊര്‍ജ്ജിതമായ ശ്രമത്തിലാണ് ജില്ലയിലെ കുടുംബശ്രീ സംഘടനാ സംവിധാനം. സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനങ്ങളുടെ ശ്രമഫലമായി സമൂഹം നേടിയെടുത്ത നവോത്ഥാന നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള വനിതകളുടെ ശക്തമായ ആഹ്വാനമാകും മതിലിലെ ജില്ലയിലെ കുടുംബശ്രീ പങ്കാളിത്തം.
വനിതാ മതിലിന്റെ പ്രചരണാര്‍ത്ഥം 26 ന് കോഴിക്കോട് നഗരത്തില്‍ ജില്ലാ തലത്തില്‍ വിപുലമായ വിളംബര ജാഥ സംഘടിപ്പിക്കും. സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാര്‍, അക്കൗണ്ടന്റുമാര്‍, വിവിധ തലങ്ങളിലെ വനിതാ ഉദ്യോഗസ്ഥര്‍, മറ്റ് പിന്തുണാ സംവിധാനങ്ങളിലെ വനിതകള്‍ എന്നിവര്‍ നവോത്ഥാന സന്ദേശവുമായി ജാഥയില്‍ പങ്കെടുക്കും. എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും കുടുംബശ്രീ സി ഡി എസുകളുടെ നേതൃത്വത്തിലും വിളംബര ജാഥകള്‍ സംഘടിപ്പിക്കും. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വനിതാ ജനപ്രതിനിധികള്‍, സി ഡി എസ് ഭരണ സമിതി അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരും പ്രചാരണ പരിപാടികളുടെ ഭാഗഭാക്കാകും. വാദ്യമേളങ്ങള്‍, മറ്റ് നാടന്‍ കലാരൂപങ്ങള്‍ എന്നിവ വിളംബര ജാഥകള്‍ക്ക് കൊഴുപ്പേകും. വാര്‍ഡ്, എ ഡി എസ് തലത്തിലും ഇത്തരം പ്രാചരണ പരിപാടികള്‍ സംഘടിപ്പിക്കും.
ഇതിനുപുറമെ വനിതകളുടെ ഫ്‌ളാഷ് മോബ്, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവയും വേറിട്ട മറ്റ് പ്രചാരണ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.സംസ്ഥാന മിഷന്റെ നിര്‍ദ്ദേശപ്രകാരം അയല്‍ക്കൂട്ടതലത്തില്‍ നടന്നുവരുന്ന കുടുംബശ്രീ സ്‌കൂളുകളുടെ ഭാഗമായും വനിതാമതില്‍ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കും. തുടര്‍ന്ന് അയല്‍ക്കൂട്ടതലത്തില്‍ ചെറുജാഥകള്‍ സംഘടിപ്പിച്ചും പ്രചാരണ പ്രവര്‍ത്തനം താഴെത്തട്ടില്‍ വരെ വ്യാപിപ്പിക്കും. അയല്‍ക്കൂട്ടത്തിലേക്കുള്ള ഇതുസംബന്ധിച്ച കുറിപ്പ് ജില്ലാമിഷന്‍ തയ്യാറാക്കി അയല്‍ക്കൂട്ടങ്ങള്‍ക്ക് ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്. വനിതാമതില്‍ വിജയിപ്പിക്കുന്നതിന് വേണ്ടി പ്രത്യേക സി.ഡി.എസ് യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് വരുന്നു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ലിംഗപഠന പ്രക്രിയക്ക് ഗതിവേഗം പകരുന്ന തരത്തിലാവും വനിതാമതിലിലെ ജില്ലയിലെ സംഘാടനം. സൂക്ഷ്മ സംരംഭങ്ങള്‍, അക്കൗണ്ടിംഗ് ഗ്രൂപ്പുകള്‍, റിസോഴ്‌സ് ഗ്രൂപ്പുകള്‍, പരിശീലന ഏജന്‍സികള്‍ എന്നിവയിലെ അംഗങ്ങളും മതിലില്‍ പങ്കാളികളാവും.
കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി ജനുവരി 1 ന് നവോത്ഥാന മൂല്യ സംരക്ഷണ സമിതി നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിത മതിലില്‍ കോഴിക്കോട് ജില്ലയില്‍ ഒരു ലക്ഷം യുവതികളെ അണിനിരത്താന്‍ ഇടതുപക്ഷ യുവജന സംഘടനകളുടെ ജില്ല നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്. ഡിസംബര്‍ 26,27 തിയ്യതികളില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഫ്‌ളാഷ് മോബുകളും ഡിസംബര്‍ 29 ന് കോഴിക്കോട് നഗരത്തില്‍ യുവതികളുടെ ബൈക്ക് റാലിയും വനിത മതിലിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കും.ുതുവത്സരദിനത്തില്‍ നടക്കുന്ന വനിതാമതിലില്‍ അണിചേരാന്‍ സെല്‍ഫ് ഫിനാന്‍സിംഗ് കോളേജ് ടീച്ചേഴ്‌സ് ആന്‍ഡ് സ്റ്റാഫ് അസ്സോസിയേഷന്‍ കോഴിക്കോട് ജില്ലാ വനിതാ സബ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.വനിതാ മതിലില്‍ കാല്‍ ലക്ഷം സ്ത്രീകളെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പങ്കെടുപ്പിക്കുമെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ എന്നിവര്‍ അറിയിച്ചു. നാഷണല്‍ വിമണ്‍സ് ലീഗ് വനിതാ മതിലിനെ വിജയിപ്പിക്കാന്‍ സംസ്ഥാനത്തുടനീളം രംഗത്തിറങ്ങും. വനിതാ മതിലിനെതിരെ യു ഡി എഫും വര്‍ഗ്ഗീയ കക്ഷികളും നടത്തുന്ന കുപ്രചരണങ്ങളെ പരാജയപ്പെടുത്തുന്നതിന് കാമ്പയിന്‍ നടത്തും.
ഇത്തരത്തില്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും പെട്ടവര്‍ ഒന്നിച്ച് അണിനിരക്കുമ്പോള്‍ പുതു ചരിത്രമെഴുതും വനിതാ മതില്‍. വര്‍ഗ്ഗീയ നിലപാടുകളുമായി മുന്നോട്ട് പോകുന്ന ബി ജെ പിയുടെയും ബി ജെ പിയേക്കാള്‍ വലിയ വര്‍ഗീയത പ്രകടിപ്പിക്കുന്ന കോണ്‍ഗ്രസിന്റെയുമെല്ലാം നിലപാടുകള്‍ക്കെതിരെ കേരളം ഒന്നിച്ചണിനിരക്കാന്‍ പോവുകയാണ്. പുതിയ പോരാട്ടങ്ങള്‍ക്ക് ഈ മതില്‍ ഊര്‍ജ്ജം പകരുമെന്ന് വിശ്വസിക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *